കുർത്തയണിഞ്ഞ് ചുമരിലൂടെ നീങ്ങുന്ന പല്ലിയുടെ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. 20 രൂപയാണ് പല്ലി വസ്ത്രത്തിനെന്ന് ഗന്ധർവ് എന്ന യുവാവ് 'ഷോക്ക് പിക്സെൽ' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ലോകത്ത് ആദ്യമായി പല്ലിക്ക് വസ്ത്രം നിർമ്മിച്ചെന്ന ഗന്ധർവ്വിന്റെ പ്രഖ്യാപനം ഒരു വരുമാന മാർഗ്ഗമാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. എന്നാൽ, ഈ വീഡിയോ എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന ചർച്ചയും ഇതോടൊപ്പം സജീവമാണ്.

സ്വയം നിർമ്മിച്ച വസ്ത്രം ഉയർത്തിക്കാട്ടിക്കൊണ്ട് ഗന്ധർവ്വ് വീഡിയോയിൽ ഇങ്ങനെ പറയുന്നു: "സുഹൃത്തുക്കളേ, ഇത് ഞാൻ ഉണ്ടാക്കിയ വസ്ത്രമാണ്. മനുഷ്യർക്ക് ആയിരക്കണക്കിന് ഡിസൈനുകളുണ്ട്, അപ്പോൾ പല്ലികൾക്കോ? നോക്കൂ, ഇത് ഇന്ത്യയിലെ ആദ്യത്തെ പല്ലിക്കുള്ള വസ്ത്രമാണ്. ഞാൻ ഒരു ചെറിയ കുർത്തയുണ്ടാക്കി. ഇത് കൈകൊണ്ട് നിർമ്മിച്ചതാണ്, വെറും 20 രൂപ മാത്രം. ഇത് മനോഹരമല്ലേ?" വസ്ത്രം പരിചയപ്പെടുത്തിയതിന് പിന്നാലെ, അതേ കുർത്ത ധരിച്ച് ചുമരിലൂടെ ഇഴഞ്ഞു നീങ്ങുന്ന ഒരു പല്ലിയുടെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു.

വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളാണ് നിറയുന്നത്. "പല്ലി സാറിന് ഇനി എന്ത് വേണം," എന്നും "പല്ലി വസ്ത്രം നേപ്പാളിലേക്ക് അയച്ചു തരുമോ, കുഞ്ഞനുജത്തിക്ക് സമ്മാനിക്കാനാണ്" എന്നും തുടങ്ങി നിരവധി പ്രതികരണങ്ങൾ ലഭിച്ചു. പല്ലിയെ വസ്ത്രം ധരിപ്പിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ വേണമെന്ന് ചിലർ ആവശ്യപ്പെട്ടു. എന്നാൽ, ഗന്ധർവ്വിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ ബയോയിൽ 'എഐ വീഡിയോ ഉള്ളടക്ക സ്രഷ്ടാവ്' എന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാൽ, ഇത് എഐ നിർമ്മിത വീഡിയോ ആണെന്ന് സമൂഹമാധ്യമ ഉപയോക്താക്കളിൽ ചിലർ ചൂണ്ടിക്കാട്ടി.

നിലവിൽ ഒരു കോടി എൺപത്തിയെട്ട് ലക്ഷത്തിലധികം പേർ കണ്ട ഈ വീഡിയോ നാലര ലക്ഷത്തോളം ലൈക്കുകളും നേടിയിട്ടുണ്ട്. ഈ വീഡിയോ വൈറലായതിന് പിന്നാലെ, ഇതേ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വിവിധ വസ്ത്രങ്ങൾ ധരിച്ച പല്ലികളുടെ മറ്റ് വീഡിയോകളും പങ്കുവെക്കപ്പെട്ടു.