ഔറയ്യ: ഉത്തർപ്രദേശിലെ ഔറയ്യയിൽ ഒരു സ്വകാര്യ സ്കൂൾ അധ്യാപകന്റെ 80,000 രൂപ അടങ്ങിയ ബാഗ് കുരങ്ങൻ തട്ടിയെടുത്തു. ബാഗുമായി മരത്തിൽ കയറിയ കുരങ്ങൻ പണം താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഇത് കണ്ടുകൂടിയ നാട്ടുകാർ ലക്ഷക്കണക്കിന് രൂപ കൈക്കലാക്കി.

ദോദാപൂർ ഗ്രാമത്തിലെ സ്വകാര്യ സ്കൂൾ അധ്യാപകനായ രോഹിതാഷ് ചന്ദ്രയാണ് സംഭവത്തിന് ഇരയായത്. തഹസിൽദാർ ഓഫീസിൽ ഒരു ഭൂമി ഇടപാട് സംബന്ധമായ ആവശ്യത്തിനെത്തിയതായിരുന്നു അദ്ദേഹം. തന്റെ മോട്ടോർ സൈക്കിളിൻ്റെ ബൂട്ടിനുള്ളിൽ സൂക്ഷിച്ച ബാഗാണ് കുരങ്ങൻ കവർന്നത്. ബാഗിനുള്ളിൽ ഭക്ഷണസാധനങ്ങൾ ഉണ്ടെന്ന് കരുതിയാകാം കുരങ്ങൻ ബാഗ് എടുത്തതെന്നാണ് കരുതുന്നത്.

ബാഗ് തുറന്ന കുരങ്ങൻ അതിലെ നോട്ടുകെട്ടുകൾ കണ്ട് അമ്പരന്ന് അവ താഴേക്ക് വാരിയെറിയാൻ തുടങ്ങി. മരത്തിൽ നിന്ന് പണം താഴേക്ക് പതിക്കുന്നത് കണ്ടതോടെ അവിടെയുണ്ടായിരുന്ന ആളുകൾ ഓടിക്കൂടുകയായിരുന്നു. കിട്ടിയ പണവുമായി പലരും കടന്നുകളഞ്ഞു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി 500 രൂപ നോട്ടുകളാണ് കുരങ്ങൻ താഴേക്ക് വലിച്ചെറിഞ്ഞത്. അവസാനം അധ്യാപകന് ലഭിച്ചത് 52,000 രൂപ മാത്രമാണ്. ബാക്കി 28,000 രൂപ നാട്ടുകാരുടെ കൈവശമായി.