പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയായ റാം നാരായണ്‍ ഭഗേലിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ എട്ട് പ്രതികളുടെ ജാമ്യം ഹൈകോടതി റദ്ദാക്കി. പാലക്കാട് എസ്.സി/എസ്.ടി സ്‌പെഷ്യല്‍ കോടതി പ്രതികള്‍ക്ക് അനുവദിച്ച ജാമ്യമാണ് ഹൈകോടതി റദ്ദാക്കിയത്. ജാമ്യത്തിലുള്ള എട്ട് പ്രതികളും മൂന്നുദിവസത്തിനകം വിചാരണ കോടതിയില്‍ കീഴടങ്ങണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 17-നാണ് ജാര്‍ഖണ്ഡുകാരന്‍ റാം നാരായണ്‍ ഭഗേലിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.

പ്രതികള്‍ക്ക് ജാമ്യം നല്‍കിയ മണ്ണാര്‍ക്കാട് എസ്സിഎസ്ടി സ്‌പെഷല്‍ കോടതിയുടെ വിധി അന്വേഷണസംഘം ചോദ്യം ചെയ്തു. ജാമ്യത്തിലിറങ്ങുന്ന പ്രതികള്‍ കേസിലെ ദൃക്സാക്ഷികളെയും മറ്റും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് വിചാരണയെ ദോഷകരമായി ബാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. കേസിലെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചേക്കുമെന്ന ആശങ്കയും അന്വേഷണസംഘം പ്രകടിപ്പിച്ചു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ വളരെ പ്രയാസപ്പെട്ടാണ് പൊലീസ് പിടികൂടിയത്. ജാമ്യം ലഭിച്ചാല്‍ ഇവര്‍ വീണ്ടും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും എസ്.ഐ.ടി സംഘത്തിന്റെ ഹരജിയില്‍ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചാണ് സ്‌പെഷല്‍ കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

കേസില്‍ ഇരുപതോളം പ്രതികളുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് എസ്.ഐ.ടി സംഘത്തിന്റെ കണ്ടെത്തല്‍. മുഴുവന്‍ പ്രതികളെ കുറിച്ചും വ്യക്തമായ സൂചനകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാന്‍ ആവശ്യമെങ്കില്‍ ലുക്ക് ഔട്ട് നോട്ടിസ് ഉള്‍പ്പെടെ പുറപ്പെടുവിക്കാനും തീരുമാനിച്ചിരുന്നതാണ്. ഇതിനിടെയിലാണ് മണ്ണാര്‍ക്കാട് എസ്സിഎസ്ടി കോടതി മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്.