ഭോപ്പാല്‍: മധ്യപ്രദേശിലെ വിമാനത്താവളത്തിന്റെ ചുറ്റുമതിലിന്റെ ഒരുഭാഗം പൂർണമായും ഇടിഞ്ഞുവീണു. ശക്തമായ മഴയ്ക്ക് പിന്നാലെയാണ് മതിൽ ഇടിഞ്ഞുവീണത്. കഴിഞ്ഞ വർഷം ഒക്ടോബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ രേവ വിമാനത്താവളത്തിന്റെ ചുറ്റുമതിലാണ് ശനിയാഴ്ച രാത്രി തകർന്നത്. അഞ്ഞൂറുകോടിയോളം മുടക്കി നിര്‍മിച്ച വിമാനത്താവളമാണിത്.

ശക്തമായ മഴയെത്തുടര്‍ന്ന് ചുറ്റുമതിലിന്റെ താഴെയുള്ള മണ്ണ് ഒലിച്ചുപോയെന്നും ഇതാണ് ചുറ്റുമതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായതെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇത് ഇപ്പോൾ ആദ്യമല്ല വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീഴുന്നത്. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുന്നതിനും മുന്‍പേ കഴിഞ്ഞവര്‍ഷത്തെ മഴക്കാലത്തും ചുറ്റുമതിലിന്റെ ഭാഗം ഇതുപോലെ തകർന്നുവീണിരുന്നു.

അതേസമയം, മധ്യപ്രദേശിലെ വിന്ധ്യ മേഖലയിലാണ് രേവ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 323 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വിമാനത്താവളം 18 മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാരാണസിയിലിരുന്ന് വിമാനത്താവളത്തിന്റെ ഉദ്ഘാടനം വെര്‍ച്വലായി നിര്‍വഹിച്ചത്. നിലവില്‍ രേവ-ഭോപ്പാല്‍, ഖജുരാഹോ-ജബല്‍പുര്‍ സര്‍വീസുകളാണുള്ളത്.