ഇംഫാല്‍: മണിപ്പൂരില്‍ വന്‍തോതില്‍ ആയുധ വേട്ട. അസം റൈഫിള്‍സും മണിപ്പൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ തോക്കുകള്‍ അടക്കം 14ലധികം ആയുധങ്ങള്‍ കണ്ടെത്തി. ചുരാചന്ദ്പ്പൂര്‍, തൗബാല്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം മണിപ്പൂര്‍ സര്‍ക്കാര്‍ ഒമ്പത് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഡിസംബര്‍ 9 വരെ റദ്ദാക്കിയിരിക്കുകയാണ്.

നിലവിലുള്ള ക്രമസമാധാന നില അവലോകനം ചെയ്ത ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബല്‍, കാക്ചിംഗ്, കാങ്പോക്പി, ചുരാചന്ദ്പൂര്‍, ജിരിബാം, ഫെര്‍സാള്‍ എന്നീ പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഡിസംബര്‍ 9ന് വൈകുന്നേരം 5.15 വരെ റദ്ദാക്കിയത്. അതേസമയം, മണിപ്പൂരിലും കേന്ദ്രത്തിലും ഭരണപക്ഷത്തുള്ള എന്‍ഡിഎ സര്‍ക്കാരുകള്‍ക്കെതിരെ ഡിസംബര്‍ 9 ന് ദില്ലിയിലെ ജന്തര്‍ മന്തറില്‍ മണിപ്പൂരിലെ ഇന്ത്യ സഖ്യം നേതാക്കള്‍ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.