- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബഹിരാകാശ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച് ലോകത്തെ ആശ്ചര്യപ്പെടുത്തുന്നു; ഐഎസ്ആർഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി;ബഹിരാകാശരംഗം ഇന്ന് യുവാക്കൾക്കും സ്വകാര്യമേഖലയ്ക്കും തുറന്നിട്ടിരിക്കുകയാണെന്നും മൻ കി ബാത്തിൽ മോദി
ന്യൂഡൽഹി: ഒരു കാലത്ത് സാങ്കേതിക വിദ്യ നിഷേധിക്കപ്പെട്ട ഇന്ത്യ ഇന്ന് ബഹിരാകാശ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച് ലോകത്തെ ആശ്ചര്യപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎസ്ആർഒയുടെ (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ) ഏറ്റവും പുതിയ വിക്ഷേപണത്തിലൂടെ ആഗോള വാണിജ്യ വിപണിയിൽ ഇന്ത്യ ശക്തമായ സാന്നിധ്യമായി ഉയർന്നു.
ഇന്ത്യയുടെ ഇന്നത്തെ നേട്ടങ്ങൾ കണ്ട് ലോകം ആശ്ചര്യപ്പെടുകയാണ്. നമ്മുടെ രാജ്യം സൗരോർജ്ജ മേഖലയിലും ബഹിരാകാശ മേഖലയിലും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻകി ബാതിന്റെ 94-ാം എഡിഷനിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
'നിങ്ങളോട് സംസാരിക്കുമ്പോൾ, ഇന്ത്യക്ക് ക്രയോജനിക് റോക്കറ്റ് സാങ്കേതികവിദ്യ നിഷേധിക്കപ്പെട്ട സമയത്തെക്കുറിച്ച് ഞാൻ ഓർക്കുന്നു. ഇതിനുശേഷം ഇന്ത്യൻ ശാസ്ത്രജ്ഞർ തദ്ദേശീയമായി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുക മാത്രമല്ല, ഡസൻ കണക്കിന് ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് അയക്കുകയും ചെയ്തു' പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ ഇന്ത്യയിലെ ബഹിരാകാശ മേഖല സർക്കാർ സംവിധാനങ്ങളുടെ പരിധിയിൽ ഒതുങ്ങിയിരുന്നു. ഇപ്പോൾ ബഹിരാകാശ മേഖല രാജ്യത്തെ യുവാക്കൾക്കും സ്വകാര്യ മേഖലയ്ക്കും തുറന്നട്ടിരിക്കുകയാണ്. വിപ്ലവകരമായ മാറ്റമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. ഇന്ത്യൻ വ്യവസായങ്ങളും സ്റ്റാർട്ടപ്പുകളും ഈ രംഗത്ത് പുതിയ കണ്ടുപിടുത്തങ്ങളും പുതിയ സാങ്കേതികവിദ്യകളും കൊണ്ടുവരുന്നതിലുള്ള തിരക്കിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു
ഇന്ത്യ ഇന്ന് അതിന്റെ പരമ്പരാഗത അനുഭവങ്ങളെ ആധുനിക ശാസ്ത്രവുമായി സംയോജിപ്പിക്കുന്നു, അതുകൊണ്ടാണ് ഇന്ന് സൗരോർജ്ജത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി നാം മാറിയതെന്നും മൻ കി ബാതിൽ പ്രധാനമന്ത്രി പറഞ്ഞു.
'നമ്മുടെ രാജ്യത്തെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതത്തെ സൗരോർജ്ജം എങ്ങനെ മാറ്റിമറിക്കുന്നു എന്നതും പഠനവിഷയമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിങ്ങൾ കേട്ടുകാണും ഗുജറാത്തിലെ മൊദേരയിലുള്ള രാജ്യത്തെ ആദ്യ സൗരോർജ ഗ്രാമത്തെ കുറിച്ച്. ഇവിടുത്തെ മിക്ക വീടുകളും സൗരോർജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാൻ തുടങ്ങി. ഇപ്പോൾ ഇവിടുത്തെ പല വീടുകളിലും മാസാവസാനം കറണ്ട് ബില്ല് ലഭിക്കുന്നില്ല, പകരം, വൈദ്യുതിയിൽ നിന്നുള്ള വരുമാനത്തിന്റെ ചെക്കാണ് അവർക്ക് കിട്ടുന്നത്' പ്രധാനമന്ത്രി മോദി പറഞ്ഞു.