ഭുവനേശ്വർ: ഒഡിഷയിലെ ഖോർധ ജില്ലയിൽ വീട്ടുമുറ്റത്ത് എട്ട് അടി നീളമുള്ള അപൂർവ ഇനം വെളുത്ത മൂർഖനെ കണ്ടെത്തി. ഭാസ്കര മുഡുലി എന്നയാളുടെ വീട്ടിലേക്കാണ് പാമ്പ് ഇഴഞ്ഞെത്തിയത്. അപ്പോഴേക്കും തവളയെ വിഴുങ്ങിയ നിലയിലായിരുന്നതിനാൽ പാമ്പിന് അനങ്ങാൻ കഴിഞ്ഞിരുന്നില്ല.

സംഭവം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ അയൽക്കാരെ വിവരമറിയിച്ചു. ആളുകൾ കൂടിയതോടെ പാമ്പ് ഇഴയാൻ ശ്രമിച്ചെങ്കിലും നീങ്ങാൻ സാധിച്ചില്ല. തുടർന്ന് വീട്ടുകാർ സ്നേക്ക് ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ടു. ദാരുതെംഗയിൽ നിന്നുള്ള പാമ്പുപിടുത്തക്കാർ സ്ഥലത്തെത്തി പാമ്പിനെ ചാക്കിലാക്കി. പിടികൂടിയ വെളുത്ത മൂർഖനെ പിന്നീട് ചാന്ദക വനത്തിൽ തുറന്നു വിട്ടു.

വെളുത്ത മൂർഖൻ എന്നത് അപൂർവമായി കാണപ്പെടുന്ന ഒന്നാണ്. അസാധാരണമായ ജീനുകളുടെ ഫലമായാണ് ഇവയ്ക്ക് വെളുത്ത നിറം ലഭിക്കുന്നത്. ഇത്തരം പാമ്പുകൾ പൊതുവെ വിഷമുള്ളവയാണെങ്കിലും ആക്രമണ സ്വഭാവം കുറവായിരിക്കും.