ന്യൂഡല്‍ഹി: മെഡിക്കല്‍ കോളജ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ആര്‍ഐ ക്വാട്ട തട്ടിപ്പാണെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. ഈ തട്ടിപ്പ് ഉടന്‍ അവസാനിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. എന്‍ആര്‍ഐ ക്വാട്ടയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്. ദോഷകരമായ പ്രത്യാഘാതമാണ് എന്‍ആര്‍ഐ ക്വാട്ട കൊണ്ട് ഉണ്ടാകുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മൂന്നരിട്ടി മാര്‍ക്ക് ലഭിച്ച് കുട്ടികള്‍ക്ക് പോലും സീറ്റ് ലഭിക്കാത്ത അവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പഞ്ചാബില്‍ നിന്നുള്ള കേസിലാണ് കോടതി വിമര്‍ശനം.

നീറ്റ് പരീക്ഷയടക്കം കേന്ദ്രീകൃത ദേശീയ പരീക്ഷകളെ സംബന്ധിച്ച് ഉയരുന്ന പരാതികള്‍ പരിഹരിക്കാന്‍ ഈ വര്‍ഷം തന്നെ തിരുത്തല്‍ നടപടികളെടുക്കണമെന്ന നിര്‍ദ്ദേശം അടുത്തിടെ കോടതിയില്‍ നിന്ന് ഉണ്ടായിരുന്നു. പരീക്ഷകളുടെ സുത്യാര്യമായ നടത്തിപ്പിന് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് കോടതി എന്‍ടിഎ യുടെ ഘടനയിലെ പോരായ്മ പരിഹരിക്കാനും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ നടത്തിപ്പില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് കേന്ദ്രത്തിനും ദേശിയ പരീക്ഷ ഏജന്‍സിക്കും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിലെ തിരിച്ചറിയല്‍ പരിശോധന, സിസിടിവി നിരീക്ഷണം എന്നിവ മെച്ചപ്പെടുത്തണം. കേന്ദ്രം രൂപീകരിച്ച കെ രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായ സമിതി ഇതിനായി മാര്‍ഗരേഖയുണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടും വ്യാപകമല്ലാത്തതിനാലാണ് നീറ്റ് യു.ജി പരീക്ഷ റദ്ദാക്കാതിരുന്നതെന്നും കോടതി വിശദമായ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു.

മെഡിക്കല്‍ കോളജിലെ പ്രവേശനത്തിന് എന്‍ആര്‍ഐ ക്വാട്ട സംബന്ധിച്ച് പഞ്ചാബ് സര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ വിജ്ഞാപനം പഞ്ചാബ് ഹരിയാന ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിദേശത്തുള്ള ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്കും എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവേശനം നല്‍കാം എന്നായിരുന്നു പുതിയ വിജ്ഞാപനം. ഇതാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതിയുടെ നടപടി പൂര്‍ണമായും ശരിയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.