പൊള്ളാച്ചി: മുതുകുളിയില്‍ അരിക്കൊമ്പന് കൂട്ടായി ഇനി ബുള്ളറ്റ് രാജയും. നല്ല പാഠം പഠിക്കുന്നതിന് വേണ്ടി ആനമല കടുവ സങ്കേതത്തിലെ ആന വളര്‍ത്തുകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ബുള്ളറ്റ് രാജയെ പിടികൂടി 25 ദിവസങ്ങള്‍ക്ക് ശേഷമാണ് തുറന്ന് വിടുന്നത്. അക്രമകാരിയായിരുന്ന ബുള്ളറ്റ് രാജയുടെ സ്വഭാവത്തില്‍ മാറ്റം വന്നതോടെ കളക്കാട് മുണ്ടന്തുറൈ കടുവാ സങ്കേതത്തിലെ മുതുകുഴി വയലിലേക്ക് ആനയെ കൊണ്ടുപോയി.

ആന വളര്‍ത്തല്‍ കേന്ദ്രത്തില്‍ വെറ്റിനറി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ബുള്ളറ്റ് രാജ. ആനയോട് ശാന്തമായ രീതിയിലായിരുന്നു സമീപനം. തുടര്‍ന്ന് ആനയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് ചീഫ് ഫോറസ്റ്റ് അനിമല്‍ ഗാര്‍ഡിന്റെ നിര്‍ദേശപ്രകാരം ഇന്നലെ വൈകിട്ടോടെ ആനയെ മുതുകുളി വയലിലേക്ക് എത്തിച്ചിരുന്നു. രാവിലെയാണു തുറന്നു വിട്ടത്.

ഗുഡല്ലൂര്‍ പരിസര പ്രദേശങ്ങളില്‍ വീടുകള്‍ തകര്‍ക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്ത ആനയെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28നാണ് പിടികൂടി ടോപ്പ് സ്ലിപ് വരകളിയാര്‍ ആന വളര്‍ത്തുകേന്ദ്രത്തില്‍ പാര്‍പ്പിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് അരിക്കൊമ്പനെയും പരിശീലനത്തിനു ശേഷം മുതുകുളിയില്‍ എത്തിച്ചിരുന്നു. കാട്ടിലെ ഭക്ഷ്യസാധനങ്ങള്‍ കഴിച്ച് കാട്ടാനക്കൂട്ടത്തിനൊപ്പം ചേര്‍ന്ന അരിക്കൊമ്പന്‍ നിലവില്‍ കാടുവിട്ട് പുറത്ത് ഇറങ്ങുന്നില്ല. ഇതോടെയാണു ബുള്ളറ്റ് രാജയെയും മുതുകളിയില്‍ വിടാന്‍ അധികൃതര്‍ തീരുമാനിച്ചത്.