മുംബൈ: സ്ത്രീ ഹോട്ടലില്‍ പുരുഷനൊപ്പം മുറിയിലേക്ക് വരുന്നത് ശാരീരിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗക്കേസ് റദ്ദാക്കിയ വിചാരണക്കോടതിയുടെ നടപടിക്കെതിരെയാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ ഉത്തരവ്. 2021-ലെ വിധിക്കെതിരേ ബലാത്സംഗത്തിന് ഇരയായ യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

2020 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ഗുല്‍ഷെര്‍ അഹമ്മദ് എന്ന പ്രതി ഇരയായ യുവതിക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്തിരുന്നു. ജോലിയുടെ ഭാഗമായി ഒരു ഏജന്റുമായി സംസാരിക്കാനുണ്ടെന്നും അതിനായി മഡ്ഗാവിലെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്യണമെന്നും പ്രതി ആവശ്യപ്പെട്ടു. ശേഷം ഇരുവരുടേയും പേരില്‍ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തു. മുറിക്കുള്ളില്‍ കടന്ന തന്നെ പ്രതി ബലാത്സംഗം ചെയ്തതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറഞ്ഞു.

പിന്നീട് യുവതി ഹോട്ടലില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, ഇരുവരും ചേര്‍ന്നാണ് മുറി ബുക്ക് ചെയ്തതെന്നും അതിനാല്‍ ശാരീരിക ബന്ധത്തിനുള്ള സമ്മതമാണ് യുവതി നല്‍കിയതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് 2021-ല്‍ വിചാരണക്കോടതി പ്രതിക്കെതിരായ ബലാത്സംഗക്കുറ്റം റദ്ദാക്കി. പ്രതിയെ വെറുതെവിടുകയും ചെയ്തു. വിചാരണക്കോടതി നടപടി തെറ്റാണെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.