അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ യുവതിക്ക് ക്രൂരമർദനം. വസ്ത്രങ്ങൾ വലിച്ചുകീറുകയും മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും ചെയ്തു. നാലു മിനിറ്റോളം നീണ്ട ക്രൂര മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഗ്യാലക്‌സി സ്പാ എന്ന സ്ഥാപനത്തിന്റെ മാനേജർ മുഹ്‌സിൻ എന്നയാളാണ് യുവതിയെ മർദിച്ചത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിരിക്കയാണ്.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മർദനമേറ്റ് രണ്ടു ദിവസത്തിനുശേഷവും യുവതി പൊലീസിൽ പരാതി നൽകിയിരുന്നില്ല. പിന്നീട് സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവരികയും പ്രചരിക്കുകയും ചെയ്തതോടെ കടുത്ത പ്രതിഷേധം ഉയർന്നു. ഇതോടെ ബൊഡാക്‌ദേവ് പൊലീസ് യുവതിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കൗൺസിലിങ് നൽകുകയും സംഭവത്തിന്റെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

മർദനമേറ്റ യുവതി മുഹ്‌സിന്റെ സ്പാ ബിസിനസിൽ പങ്കാളിയാണ്. ഇരുവരും തമ്മിലെ തർക്കം ഒടുവിൽ യുവതിക്കെതിരെയുള്ള ക്രൂര മർദനത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി മുഹ്‌സിൻ ഒളിവിലാണ്. കേസെടുത്ത പൊലീസ് ഇയാളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.