ജയ്പൂര്‍: രാജസ്ഥാനിലെ ബുണ്ടിയില്‍ 16 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 30 വയസുള്ള യുവതിക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പോക്‌സോ കോടതിയിലാണ് ജഡ്ജി സലിം ബദ്ര ശിക്ഷ പ്രഖ്യാപിച്ചത്. പ്രതിയായ ലാലിബായ് മോഗിയയ്ക്ക് 45,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

2023 ഒക്ടോബര്‍ 17നാണ് സംഭവം നടന്നത്. 16 വയസുള്ള തന്റെ മകനെ ലാലിബായ് വശീകരിച്ച് ഹോട്ടല്‍ മുറിയില്‍ താമസിപ്പിച്ചുവെന്നും, മദ്യം നല്‍കിയ ശേഷം തുടര്‍ച്ചയായി ആറു മുതല്‍ ഏഴ് ദിവസം വരെ ലൈംഗിക പീഡനം നടത്തിയെന്നും ആണ്‍കുട്ടിയുടെ അമ്മയാണ് പരാതിയില്‍ ആരോപിച്ചത്.

അമ്മയുടെ പരാതിയെ തുടര്‍ന്ന് ഐപിസി സെക്ഷന്‍ 363 (തട്ടിക്കൊണ്ടുപോകല്‍), ജുവനൈല്‍ ജസ്റ്റിസ് നിയമം, പോക്‌സോ നിയമം തുടങ്ങിയവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഗിയയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടുവെങ്കിലും കോടതിയില്‍ കുറ്റം തെളിഞ്ഞതോടെ കഠിനതടവ് ശിക്ഷ വിധിക്കുകയായി. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ചില്‍ഡ്രന്‍സ് പ്രൊട്ടക്ഷന്‍ ലോസ് പരിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന നിയമവ്യവസ്ഥ ഈ കേസിലൂടെ വീണ്ടും തെളിയിച്ചു.