ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു സ്ത്രീയെ കെട്ടിയിട്ട് മര്‍ദ്ദിച്ച് മറ്റ് സ്ത്രീകള്‍. ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കടലൂര്‍ ജില്ലയിലെ പന്റുട്ടിക്ക് സമീപാണ് സംഭവം. ഭൂമിതര്‍ക്കമാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പോലീസ് പറയുന്നത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതോടെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതികളില്‍ ഒരാളായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പേര്‍ ഒളിവിലാണ് ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ദൃശ്യങ്ങളില്‍ സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് ഭാഗികമായി വിവസ്ത്രയാക്കിയ ശേഷമാണ് നാല് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദിക്കുന്നത്. വടി ഉപയോഗിച്ച് അടിക്കുകയും മുടിയില്‍ പിടിച്ചു വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണത്തിനിടെ ഇരയെ അസഭ്യം പറയുന്നതും, ''നീ നായയ്ക്ക് സമമാണ്'' എന്ന് ആരോപിതര്‍ വിളിച്ചുപറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.