- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരാഖണ്ഡില്‍ ബദ്രിനാഥിന് അടുത്ത് മാനയില്‍ വന്‍ഹിമപാതം; റോഡ് നിര്‍മ്മാണത്തിന് എത്തിയ 57 തൊഴിലാളികള്‍ കുടുങ്ങി; 16 പേരെ രക്ഷിച്ചു; രക്ഷാദൗത്യത്തിന് കരസേനയും വ്യോമസേനയും; കനത്ത മഞ്ഞുവീഴ്ചയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടത് വെല്ലുവിളി
ഉത്തരാഖണ്ഡില്‍ ബദ്രിനാഥിന് അടുത്ത് മാനയില്‍ വന്‍ഹിമപാതം
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലുണ്ടായ വന്‍ ഹിമപാതത്തില്‍ 41 തൊഴിലാളികള്‍ കുടുങ്ങി. ചമോലി ജില്ലയിലെ ഇന്ത്യ-ചൈന അതിര്‍ത്തി ഗ്രാമമായ മാനയ്ക്ക് അടുത്താണ് ഹിമപാതം ഉണ്ടായത്. ബദ്രിനാഥിന് അഞ്ചുകിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ആകെ 57 തൊഴിലാളികളാണ് കുടുങ്ങിയത്. അതില്‍, 16 പേരെ ഇതിനകം രക്ഷിച്ചു. ഗുരുതര പരിക്കേറ്റ ഇവരെ മാന ഗ്രാമത്തിലെ സൈനിക ക്യാമ്പിലേക്ക് മാറ്റി.
ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ക്യാമ്പിന് സമീപമാണ് വന്‍ ഹിമപാതമുണ്ടായത്. കുടുങ്ങി കിടക്കുന്ന 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. റോഡ് നിര്‍മാണത്തിന് എത്തിയ തൊഴിലാളികളാണ് കുടുങ്ങിയത്. ഹിമപാതത്തെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്.
കനത്ത മഞ്ഞുവീഴ്ചയും ചെറിയ തോതില്‍ ഹിമപാതവും ഉണ്ടാകുന്നുണ്ടെങ്കിലും അതിനെയെല്ലാം മറികടന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഐബെക്‌സ് ബ്രിഗേഡ് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.
സ്ഥലത്ത് നാല് ആംബുലന്‍സുകള്‍ എത്തിയെങ്കിലും കനത്ത മഞ്ഞുവീഴ്ച കാരണം മുന്നോട്ടുനീങ്ങുന്നതിന് കാലതാമസം ഉണ്ടാകുന്നുണ്ടെന്ന് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി ആര്‍ മീന വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 65 പേരോളം രക്ഷാദൗത്യത്തില്‍ മുഴുകിയിരിക്കുകയാണ്.
സംസ്ഥാന ദുരന്ത പ്രതികരണ സേന ജോഷിമഠിലേക്ക് തിരിച്ചിട്ടുണ്ട്. മഞ്ഞുവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ ലംബാഗഡിലേക്കുള്ള വഴി ശരിയാക്കാന്‍ സൈന്യത്തെ നിയോഗിച്ചു. സഹസ്ത്രധര ഹെലിപാഡില്‍ മറ്റൊരു ടീമിനോടും ജാഗരൂകരായിരിക്കാന്‍ നിര്‍ദ്ദേശിച്ചു. കാലാവസ്ഥ മെച്ചപ്പെടുന്നതോടെ, എസ്ഡിആര്‍എഫ് രക്ഷാദൗത്യ സംഘത്തെ ഹെലികോപ്ടറില്‍ സംഭവസ്ഥലത്തിന് ഏറ്റവും അടുത്ത സ്ഥലത്ത് എത്തിക്കും. എസ്ഡിആര്‍എഫിന്റെ ഡ്രോണും സജ്ജമാണ്. എന്നാല്‍, കനത്ത മഞ്ഞുവീഴ്ച കാരണം ഡ്രോണ്‍ ഓപ്പറേഷന്‍ ഇപ്പോള്‍ സാധ്യമല്ല. എല്ലാ തൊഴിലാളികളുടെയും സുരക്ഷയ്ക്കായി ബദ്രിനാഥനോട് പ്രാര്‍ഥിക്കുന്നുവെന്നും രക്ഷാദൗത്യം പുരോഗമിക്കുകയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ഉത്തരാഖണ്ഡില്‍ കാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.