ന്യൂഡല്‍ഹി: നിരപരാധികളെ കൊന്നൊടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ നടപടി തുടരുന്നതിനിടെ സാമൂഹിക മാധ്യമമായ എക്‌സിന്റെ 8000ത്തിലധികം ഇന്ത്യയിലെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് എക്‌സിന്റെ നടപടി.

അന്താരാഷ്ട്ര വാര്‍ത്താ സ്ഥാപനങ്ങളും പ്രമുഖ ഉപയോക്താക്കളും നടത്തുന്ന അക്കൗണ്ടുകള്‍ ഉള്‍പ്പെടെ നിരവധി അക്കൗണ്ടുകളെ നടപടി ബാധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാജ വാര്‍ത്തകളും അവാസ്തവ പ്രചാരണങ്ങളും ചെറുക്കാന്‍ വേണ്ടിയാണ് അധികൃതരുടെ നീക്കം എന്നാണ് വിലയിരുത്തുന്നത്.

സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിരുന്നു. ഇന്ത്യയില്‍ തങ്ങളുടെ പ്ലാറ്റ്ഫോമിന്റെ വ്യാപകമായ അടച്ചുപൂട്ടല്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത് പാലിക്കുന്നതെന്ന് എക്സ് അറിയിച്ചിരുന്നു. എന്നാല്‍ പല ഉത്തരവുകളിലും ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ച ഉള്ളടക്കം എന്താണെന്ന് വ്യക്തതയില്ലെന്ന് എക്‌സ് വ്യക്തമാക്കി.