ന്യൂഡൽഹി: സിപിഎം പാർട്ടി ക്ലാസ് തടയാൻ ഡൽഹി പൊലീസിന് അധികാരമില്ലെന്ന് സിപി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വന്തം കെട്ടിടത്തിൽ നടക്കുന്ന പരിപാടി തടയാൻ പൊലീസിനാകില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഔദ്യോഗികമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. നടപടിയെ അപലപിക്കുന്നുവെന്നും വേണ്ടി വന്നാൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും യെച്ചൂരി വ്യക്തമാക്കി.

സിപിഎം പാർട്ടി പഠന കേന്ദ്രമായ ഹർകിഷൻ സിങ് സുർജിത് ഭവനിൽ പാർട്ടി പഠന ക്ലാസ് നടത്താൻ അനുമതിയില്ലെന്ന് ഇന്നലെ രാത്രിയോടെയാണ് ഡൽഹി പൊലീസ് അറിയിച്ചത്. എന്നാൽ ക്ലാസുമായി മുന്നോട്ട് പോകാൻ തന്നെ പാർട്ടി തീരുമാനിക്കുകയായിരുന്നു.

രാവിലെയോടുകൂടി വീണ്ടും ഡൽഹി പൊലീസ് സുർജിത് ഭവനിൽ എത്തി ജി 20 വരുന്നതിനാൽ ഹാളിൽ പോലും പരിപാടി നടത്താൻ ആകില്ലെന്ന് അറിയിച്ചു. അതേ സമയം രേഖാമൂലം എഴുതി നൽകാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അതിന് തയ്യാറായിട്ടില്ല.