ലക്‌നൗ: ഗംഗാനദി മലിനമാക്കിയത് ബ്രിട്ടീഷുകാരെന്ന പ്രസ്താവനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ബ്രിട്ടീഷ് ഭരണകാലത്ത് കാൺപൂരിലെ ഗംഗാനദിയിലേയ്ക്ക് മാലിന്യം ഒഴുകിയതാണ് ഇതിന് കാരണമെന്ന് ആദിത്യനാഥ് വിമർശിച്ചു. ഇന്ത്യക്കാരെ പഠിപ്പിക്കാൻ വരുന്നവർ സ്വന്തം പ്രവർത്തികളെക്കുറിച്ചും കടമകളെക്കുറിച്ചും ആലോചിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം പരാമർശം ഉയർത്തിയത്.

പ്രയാഗ്‌രാജിലെ മഹാകുംഭമേളക്കിടെ ഗംഗാനദി മലിനമായെന്ന ആരോപണങ്ങൾ യോഗി ആദിത്യനാഥ് തള്ളി. സംഗമസ്ഥാനത്തുനിന്ന് ഉത്തർപ്രദേശ് പൊല്യൂഷൻ കൺട്രോൾ ബോർഡ് പതിവായി സാമ്പിൾ ശേഖരിച്ചുവെന്നും എല്ലാ സാമ്പിളുകളും മാനദണ്ഡങ്ങൾക്കുള്ളിലാണെന്ന് കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

125 വർഷത്തിനിടെ സിസാമാവുവിൽ നിന്ന് നാല് കോടി ലിറ്റർ മാലിന്യമാണ് ഗംഗയിലേയ്ക്ക് ഒഴുക്കിവിട്ടത്. നമാമി ഗാഞ്ചെ പദ്ധതിയിലൂടെ ഗംഗാനദിയുടെ ശുദ്ധീകരണം നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.