പുനെ: പുലർച്ചെ മൂന്ന് മണിക്ക് വീടിന്റെ ബാൽക്കണിയിൽ അബദ്ധത്തിൽ കുടുങ്ങിയ രണ്ട് യുവാക്കൾക്ക് രക്ഷകനായെത്തിയത് ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റിന്റെ ഏജന്റ്. സഹായത്തിനായി പോലീസിനെയോ സുഹൃത്തുക്കളെയോ വിളിക്കുന്നതിനു പകരം ബ്ലിങ്കിറ്റ് ആപ്പ് വഴി ലഘുഭക്ഷണങ്ങൾ ഓർഡർ ചെയ്ത് ഡെലിവറി ഏജന്റിന്റെ സഹായം തേടുകയായിരുന്നു യുവാക്കൾ. പുനെയിൽ നടന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

പുനെ സ്വദേശിയായ മിഹിർ ഗാഹുക്കറും സുഹൃത്തുമാണ് പുലർച്ചെ മൂന്ന് മണിയോടെ ബാൽക്കണിയിൽ കുടുങ്ങിയത്. പിന്നിൽ നിന്ന് വാതിൽ അബദ്ധത്തിൽ ലോക്ക് ആയതോടെ വീടിനുള്ളിൽ കടക്കാൻ കഴിയാതെ അവർ കുഴങ്ങി. മാതാപിതാക്കൾ വീടിനുള്ളിൽ ഉറങ്ങുകയായിരുന്നതിനാൽ, അവരെ വിളിച്ച് പരിഭ്രാന്തരാക്കുന്നത് ഒഴിവാക്കാനായിരുന്നു യുവാക്കളുടെ തീരുമാനം. ഫോൺ കയ്യിലുണ്ടായിരുന്നിട്ടും അസമയത്ത് ആരെ വിളിക്കണമെന്ന ആശയക്കുഴപ്പത്തിനിടെയാണ് മിഹിറിന് ബ്ലിങ്കിറ്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനുള്ള ആശയം തോന്നിയത്.

ഉടൻ തന്നെ ബ്ലിങ്കിറ്റ് ആപ്പ് വഴി ലഘുഭക്ഷണങ്ങൾ ഓർഡർ ചെയ്ത മിഹിർ, 'ഡെലിവറി ഇൻസ്ട്രക്ഷൻ' കോളത്തിൽ തങ്ങൾ ബാൽക്കണിയിൽ കുടുങ്ങിയ വിവരം വ്യക്തമാക്കുകയും വാതിൽ തുറക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. നിമിഷങ്ങൾക്കകം സ്ഥലത്തെത്തിയ ഡെലിവറി ഏജന്റ്, മിഹിറിന്റെ നിർദ്ദേശപ്രകാരം വാതിൽ തുറന്ന് അവരെ പുറത്തെത്തിച്ചു. താൻ ഓർഡർ ചെയ്ത ഭക്ഷണത്തേക്കാൾ വലിയ സഹായമാണ് ഏജന്റ് ചെയ്തതെന്ന് മിഹിർ പിന്നീട് എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ സഹിതമുള്ള കുറിപ്പിൽ വ്യക്തമാക്കി.

ഈ പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ വൈറലായി. ബ്ലിങ്കിറ്റ് സിഇഒ അൽബിന്ദർ ധീൻഡ്‌സയും സംഭവത്തോട് പ്രതികരിക്കുകയും ഉപഭോക്താവിന്റെ പ്രശ്നം പരിഹരിച്ച ഡെലിവറി പങ്കാളിയെ അഭിനന്ദിക്കുകയും ചെയ്തു. സമയബന്ധിതമായി ഭക്ഷണം എത്തിക്കുന്നതിനപ്പുറം അപ്രതീക്ഷിതമായ സഹായം ചെയ്ത ഡെലിവറി ഏജന്റിന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രശംസയാണ് ലഭിക്കുന്നത്.