- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു നീണ്ട യാത്രയ്ക്ക് ശേഷം ടാക്സിയിൽ വീട്ടിൽ വന്നിറങ്ങി; ഉറങ്ങി എഴുന്നേറ്റതും അച്ഛന്റെ ആ ചോദ്യത്തിൽ ഞെട്ടൽ; മണിക്കൂറുകളോളം തിരഞ്ഞ് വലഞ്ഞു; ഒടുവിൽ ഡ്രൈവറിന്റെ വരവിൽ ആശ്വാസം

ബെംഗളൂരു: ടാക്സിയിൽ മറന്നുവെച്ച പാസ്‌പോർട്ടും പി.ആർ. കാർഡും വാലറ്റുമടങ്ങിയ ബാഗ് മണിക്കൂറുകളോളം തിരഞ്ഞ് ഉടമയ്ക്ക് തിരികെ നൽകി ബെംഗളൂരുവിലെ ഡ്രൈവർ ഉത്തം സത്യസന്ധതയുടെ മാതൃകയായി. കാനഡയിലെ വാൻകൂവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സ്ഥാപകനായ ഗ്ലെൻ ഐവനാണ് തനിക്ക് നഷ്ടപ്പെട്ട ബാഗ് ഉത്തമിന്റെ നിസ്വാർത്ഥ സേവനത്തിലൂടെ തിരികെ ലഭിച്ചത്. ഉത്തമിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് ഗ്ലെൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
ബെംഗളൂർ വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 2:30-ഓടെ ഉത്തമിന്റെ ടാക്സിയിൽ വീട്ടിലെത്തിയ ഗ്ലെൻ, യാത്രാക്ഷീണം കാരണം പാസ്‌പോർട്ട്, പി.ആർ. കാർഡ്, വാലറ്റ് എന്നിവ അടങ്ങിയ സ്ലിംഗ് ബാഗ് കാറിന്റെ സീറ്റിൽ മറന്നുവയ്ക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ 10:30-ഓടെ അച്ഛൻ ചോദിക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഗ്ലെൻ അറിയുന്നത്. എന്നാൽ, അതിനും മുൻപേ ബാഗ് ഉടമയെ ഏൽപ്പിക്കാനായി ഉത്തം അന്വേഷണം ആരംഭിച്ചിരുന്നു.
പാസ്‌പോർട്ടിലെ വിലാസം ഗ്ലെൻ ഇറങ്ങിയ സ്ഥലവുമായി കൃത്യമായി ഒത്തുപോകാത്തത് ഉത്തമിന് വെല്ലുവിളിയായി. എന്നിട്ടും, ഒരു മണിക്കൂറോളം ഉത്തം ആ പ്രദേശം മുഴുവൻ തിരഞ്ഞു. ഓരോ വീടുകളിലും കയറിയിറങ്ങിയും അയൽവാസികളോട് ചോദിച്ചും അദ്ദേഹം ഗ്ലെന്നിനെ കണ്ടെത്താൻ ശ്രമിച്ചു. ഈ സമയത്താണ് ഭാഗ്യവശാൽ തെരുവിലൂടെ നടന്നുപോവുകയായിരുന്ന ഗ്ലെന്നിന്റെ അച്ഛനെ ഉത്തം കണ്ടുമുട്ടുന്നത്. അങ്ങനെ ബാഗ് സുരക്ഷിതമായി ഉടമയുടെ കൈകളിൽ തിരിച്ചെത്തി.
മാസങ്ങളോളം നീളുന്ന നിയമപരമായ നൂലാമാലകളിൽ നിന്ന് തന്നെ രക്ഷിച്ച ഉത്തമിനെ 'ബെംഗളൂരുവിലെ യഥാർത്ഥ ഹീറോ' എന്നാണ് ഗ്ലെൻ വിശേഷിപ്പിച്ചത്. ഉത്തമിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്, "ഉത്തമിന്റെ സത്യസന്ധതയും അർപ്പണബോധവും എന്നെ അത്ഭുതപ്പെടുത്തി. വെറുമൊരു ഡ്രൈവർ എന്നതിലുപരി വലിയ മാനുഷിക മൂല്യമുള്ള വ്യക്തിയാണദ്ദേഹം" എന്നും ഗ്ലെൻ കുറിച്ചു. പോസ്റ്റ് വൈറലായതോടെ, ഉത്തമിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. പാസ്‌പോർട്ടും രേഖകളും നഷ്ടപ്പെടുന്നത് എത്ര വലിയ തലവേദനയാണെന്ന് അറിയുന്നവർക്ക് ഉത്തം ചെയ്ത ഈ പ്രവർത്തിയുടെ വില മനസ്സിലാകുമെന്നും അദ്ദേഹത്തെപ്പോലെയുള്ള കൂടുതൽ പേരെ ലോകത്തിന് ആവശ്യമാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.


