- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ നോക്കി കുരച്ചതിൽ പ്രകോപനം; അയൽവാസിയുടെ വളർത്തുനായയെ മരക്കഷ്ണം കൊണ്ട് തല്ലിച്ചതച്ച് യുവാവ്; ദൃശ്യങ്ങൾ പുറത്തായതോടെ കേസെടുത്ത് പോലീസ്

ബെംഗളൂരു: ഭാര്യയെ നോക്കി കുരച്ചതിന് അയൽവാസിയുടെ വളർത്തുനായയെ മരക്കഷ്ണം കൊണ്ട് ക്രൂരമായി തല്ലിച്ചതച്ച് യുവാവ്. കർണാടക സ്വദേശിയായ ഗോപിയാണ് മിണ്ടാപ്രാണിയോട് കൊടുംക്രൂരത കാട്ടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. ഏപ്രിൽ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഗോപിയുടെ ഭാര്യയുടെ നേരെ അയൽവാസിയുടെ നായ കുരച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഇതിനെച്ചൊല്ലി ഇരു വീട്ടുകാരും തമ്മിൽ വാക്കുതർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗോപി നായയെ ലക്ഷ്യമിട്ടെത്തിയത്. വീട്ടിലേക്ക് നടന്നു വരുന്ന ഗോപി ഗേറ്റിന് സമീപം നിന്ന നായയെ കൈയ്യിലുണ്ടായിരുന്ന മരക്കഷ്ണം ഉപയോഗിച്ച് അതിശക്തമായി അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
അഞ്ച് തവണയാണ് ഗോപി നായയെ ആഞ്ഞടിച്ചത്. ക്രൂരമായ മർദ്ദനമേറ്റ നായ മിനിറ്റുകൾക്കുള്ളിൽ ബോധംകെട്ട് വീണു. നായയുടെ ദീനരോദനം കേട്ട് ഉടമകൾ ഓടിയെത്തിയപ്പോൾ കണ്ടത് അബോധാവസ്ഥയിൽ കിടക്കുന്ന വളർത്തുമൃഗത്തെയാണ്. ഉടൻ തന്നെ നായയെ മൃഗാശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകി.
നായ നിലവിൽ അപകടനില തരണം ചെയ്തതായും സുഖം പ്രാപിച്ചു വരുന്നതായും ഡോക്ടർമാർ അറിയിച്ചു. നായയുടെ ഉടമ ഏപ്രിൽ 11-ന് നൽകിയ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. ഭാരതീയ ന്യായ സംഹിത പ്രകാരം മൃഗങ്ങൾക്കെതിരായ അതിക്രമം, ക്രിമിനൽ അതിക്രമം എന്നീ വകുപ്പുകൾ ചേർത്താണ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പൊലീസിന് പ്രധാന തെളിവായി.


