- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടുന്ന ട്രെയിനിൽ യുവാവിന്റെ ഫോൺ തട്ടിപ്പറിച്ചു; രക്ഷപ്പെടാനുള്ള മോഷ്ടാവിന്റെ ശ്രമം തടഞ്ഞപ്പോൾ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; 30കാരന്റെ കാൽ അറ്റുപോയി; പ്രതി പിടിയിൽ

മുംബൈ: ഓടുന്ന ലോക്കൽ ട്രെയിനിൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചത് ചെറുത്ത 30 വയസ്സുകാരനെ മോഷ്ടാവ് പാളത്തിലേക്ക് തള്ളിയിട്ടു. റിതേഷ് രാകേഷാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ട്രെയിനിനടിയിൽപ്പെട്ട റിതേഷ് രാകേഷിന്റെ ഇടതുകാൽ അറ്റുപോയി. സംഭവത്തിൽ പ്രതിയായ കൈലാഷ് ബാലകൃഷ്ണ ജാദവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 18-ന് രാത്രി 11.05-ഓടെ മുംബൈക്കടുത്ത് താനെയിലെ ബദ്‌ലാപുർ സ്റ്റേഷനിൽ നിന്ന് പാസഞ്ചർ ട്രെയിനിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിതേഷ്. ഏകദേശം 40 മിനിറ്റിന് ശേഷം ട്രെയിൻ അംബർനാഥ് സ്റ്റേഷനിലെത്താറായപ്പോഴാണ് സംഭവം. ട്രെയിൻ നിർത്തുന്നതിന് തൊട്ടുമുമ്പ്, റിതേഷിന് തൊട്ടടുത്തിരുന്നയാൾ ഫോൺ തട്ടിപ്പറിച്ച് പുറത്തേക്ക് ചാടാൻ ശ്രമിച്ചു. റിതേഷ് ഈ നീക്കം തടഞ്ഞതോടെ, മോഷ്ടാവ് ഇദ്ദേഹത്തെ ട്രെയിനിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു.
പാളത്തിലേക്ക് വീണ റിതേഷിന്റെ ഇടതുകാലിന് മുകളിലൂടെ ട്രെയിൻ കയറിയിറങ്ങി. ഉടൻതന്നെ റെയിൽവേ പോലീസ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ ഇടതുകാൽ മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റേണ്ടി വന്നു. കാലിന് പുറമെ, റിതേഷിന്റെ തലയ്ക്കും ഇടത് കവിളിലും ഇടത് കണ്ണിനും പരിക്കുകളുണ്ട്. പരിക്കേറ്റയാൾ നിലവിൽ താനെയിലെ കെ.ഇ.എം. ആശുപത്രിയിൽ ചികിത്സയിലാണ്.


