മുംബൈ: രാജ്യത്തെ നടുക്കി വീണ്ടും അരുംകൊല. മുംബൈയിൽ 36കാരിയെ കൊന്നു കഷ്ണങ്ങളാക്കി ശരീര ഭാഗങ്ങൾ കുക്കറിൽ ഇട്ട് വേവിച്ച ലിവ് ഇൻ പാർട്ണറാണ് അറസ്റ്റിലായത്. മുംബൈയിലെ മിറാ റോഡിലാണ് സംഭവം നടന്നത്. കേസിൽ മനോജ് സഹാനി (56) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അപ്പാർട്ട്മെന്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

സരസ്വതി വിദ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷമായി ഇവർ ഗീതാ നഗറിലെ അപ്പാർട്ട്മെന്റിൽ താമസിച്ചു വരികയായിരുന്നു. ഫ്ലാറ്റ് നമ്പർ 704 ൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ച അയൽക്കാരാണ് നവ്യനഗർ പൊലീസിൽ വിവരം അറിയിച്ചത്. പൊലീസിനെ കണ്ട സഹാനി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് കീഴ്പ്പെടുത്തി.

വീട്ടിൽ നിന്ന് യുവതിയുടെ കാല് മാത്രമാണ് കണ്ടെത്താൻ സാധിച്ചത്. ബാക്കി ഭാഗങ്ങൾ റോഡിൽ ഉപേക്ഷിച്ചെന്നാണ് പ്രതി പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ശരീരാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. എങ്ങനെയാണ് യുവതിയെ കൊലപ്പെടുത്തിയത് എന്നത് പൊലീസ് വ്യക്തമാക്കിയിട്ടില്ല.