മുംബൈ: ആകാശത്ത് പറക്കുന്നതിനിടെ വിമാനത്തിലിടിച്ച് 40 അരയന്ന കൊക്കുകൾക്ക് (ഫ്‌ളെമിംഗോ) ദാരുണാന്ത്യം. മുംബൈ-ദുബായ് എമിറേറ്റ്‌സ് വിമാനമാണ് കൂട്ടമായി പറക്കുകയായിരുന്ന അരയന്ന കൊക്കുകളെ ഇടിച്ചത്. മുംബൈയിലെ ഘാട്‌കോപ്പർ പ്രദേശത്തുവച്ചാണ് അപകടം.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 310 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പക്ഷികൾ ഇടിച്ചതിനെ തുടർന്ന് വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് വിമാനം മുംബൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.

മുംബൈയിലെ ഘാട്‌കോപ്പറിലെ ലക്ഷ്മിനഗർ പ്രദേശത്തുനിന്നും 40 അരയന്ന കൊക്കുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കൂടുതൽ അരയന്നങ്ങൾ മരിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

പക്ഷികളുടെ ജഡങ്ങൾ പല സ്ഥലത്തായി കണ്ടെത്തിയതായി നാട്ടുകാർ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വന്യജീവി സങ്കേതത്തിന് കുറുകെയുള്ള വൈദ്യുതിക്കമ്പികൾ കാരണമാകാം അരയന്ന കൊക്കുകൾ ദിശമാറി സഞ്ചരിച്ച് അപകടം ഉണ്ടായതെന്ന് പരിസ്ഥിതി പ്രവർത്തകനായ ഡി സ്റ്റാലിൻ പറഞ്ഞു