ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം തവണ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു. ഡല്‍ഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ക്യാബിനറ്റ് യോഗം ഉടന്‍ ചേരുമെന്നാണ് വിവരം.

കര്‍ഷക ക്ഷേമ പദ്ധതിയായ 'പിഎം കിസാന്‍ നിധി'യുമായി ബന്ധപ്പെട്ട ഫയലാണ് അധികാരമേറ്റശേഷം മോദി ആദ്യം ഒപ്പുവച്ചത്. കിസാന്‍നിധിയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ളതാണിത്. ഏകദേശം 20,000 കോടി രൂപയാണ് വിതരണംചെയ്യുക. 9.3 കോടി കര്‍ഷകര്‍ക്ക് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കും.

പാര്‍ലമെന്റ് സമ്മേളനം വിളിക്കാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോട് ക്യാബിനറ്റ് ഔദ്യോഗികമായി അഭ്യര്‍ഥിച്ചേക്കും. 72 അംഗ കേന്ദ്രമന്ത്രിസഭ ഞായറാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചെയ്തിരുന്നു. 30 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണ് മന്ത്രിസഭയിലുള്ളത്.