നെടുമങ്ങാട്: ബാങ്കില്‍നിന്നു പണമെടുത്ത് പുറത്തിറങ്ങിയ ആളെ പിന്തുടര്‍ന്ന് ഒരുലക്ഷം രൂപ കവര്‍ന്നു. നെടുമങ്ങാട് കനറാ ബാങ്കിന്റെ കുളവിക്കോണത്തുള്ള ശാഖയില്‍നിന്ന് ഒരുലക്ഷം രൂപ പിന്‍വലിച്ചു പുറത്തിറങ്ങിയ ആളെ പിന്തുടര്‍ന്നാണ് പണം തട്ടിയത്. നെടുമങ്ങാട് സ്വദേശി സിയാദ് ബന്ധുവിനു നല്‍കാന്‍വേണ്ടി കൊണ്ടുപോയ പണമാണ് മോഷണം പോയത്. കവര്‍ച്ചയ്ക്കു പിന്നില്‍ നാലംഗ സംഘമെന്നാണ് സൂചന. കിലോമീറ്ററുകള്‍ ബൈക്കില്‍ പിന്തുടര്‍ന്നാണ് സംഘം കവര്‍ച്ച നടത്തിയത്.

കഴിഞ്ഞ മാസം 26-നാണ് കവര്‍ച്ച നടന്നത്. സിയാദ പണം പിന്‍വലിച്ച ശേഷം സ്‌കൂട്ടറില്‍ പഴകുറ്റിയില്‍ എത്തി കാത്തു നിന്ന ബന്ധു ഹുസൈനു പണം കൈമാറി. പണവുമായി കാറില്‍ വെമ്പായം ഭാഗത്തേക്കു പോയ ഹുസൈന്‍ താന്നിമൂട് ജങ്ഷനില്‍ കാര്‍ നിര്‍ത്തി സമീപത്തെ കടയില്‍ക്കയറി വെള്ളം കുടിച്ചു. തിരികെ വന്നു കാറില്‍ കയറിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലാകുന്നത്. പണം സൂക്ഷിച്ചിരുന്ന ഡാഷ്‌ബോര്‍ഡ് തുറന്നുകിടന്നു. പരിശോധിച്ചപ്പോള്‍ പണം നഷ്ടപ്പെട്ടതായും അറിഞ്ഞു.

ബൈക്കില്‍വന്ന രണ്ടുപേരില്‍ ഒരാള്‍ കാറില്‍ കയറിയശേഷം ഇറങ്ങിപ്പോയതു കണ്ടതായി ജങ്ഷനില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. സിനിമാസ്റ്റൈല്‍ മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. ബാങ്കിലെത്തി വന്‍ തുക പിന്‍വലിക്കുന്നവരെ പിന്തുടര്‍ന്ന് പണം തട്ടുന്ന സംഘമാണ് ഇതിനു പിന്നില്‍.

ബാങ്കിന് അകത്തും പുറത്തുമായി നിലയുറപ്പിക്കുന്ന സംഘം വലിയ തുക പിന്‍വലിക്കുന്നവരെ പിന്തുടരും. സാഹചര്യം നോക്കി പണം തട്ടിയെടുക്കുകയാണ് രീതി.

പ്രതികള്‍ രണ്ട് ബൈക്കുകളിലായി എത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. നാല് പേരടങ്ങുന്ന സംഘത്തില്‍ രണ്ടുപേര്‍ ബാങ്കിനകത്ത് പ്രവേശിക്കുകയും രണ്ടുപേര്‍ പുറത്ത് കാത്തുനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏറ്റവും കൂടുതല്‍ പണം പിന്‍വലിക്കുന്നവരെ കണ്ടെത്തി അവരെ പിന്തുടര്‍ന്ന് പണം കവരാനാണ് രണ്ടുപേര്‍ ബാങ്കിനുള്ളില്‍ നിലയുറപ്പിക്കുന്നത്.

സിയാദ് സ്‌കൂട്ടറില്‍ പഴുകുറ്റിയിലെത്തി ഹുസൈനു പണം കൈമാറുകയും ഹുസൈന്‍ പണം കാറില്‍ സൂക്ഷിക്കുന്നതും നിരീക്ഷിച്ച പ്രതികള്‍ കാറിന് അടുത്തും കടയ്ക്കു മുന്‍പിലായും നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് കോട്ടയം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹെല്‍മെറ്റ് ധരിക്കാതെയാണ് പ്രതികള്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്നത്.