തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആയ പെണ്‍കുട്ടിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി ആക്കുളം സ്വദേശി ജിഷ്ണു. കെ. മോഹന്‍ (26), രണ്ടാം പ്രതി ആക്കുളം സ്വദേശി വിഷ്ണു. ആര്‍ എന്ന കണ്ണന്‍(29) എന്നിവരെ 10വര്‍ഷം കഠിനതടവിനും 15000 രൂപ പിഴക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ചു മീര ബിര്‍ള ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം 2 വര്‍ഷം തടവ് കൂടുതലായി അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസ്സ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നല്‍കണം എന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു.

2024 വര്‍ഷം ജൂലൈ മാസം 4 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ഒന്നാം പ്രതിയുടെ അയല്‍വാസിയുമായ അതിജീവിതയെ അമ്പലത്തില്‍ വച്ചു പരിചയപ്പെട്ട വിവാഹിതനായ ഒന്നാം പ്രതിയുമായി സൗഹൃദത്തിലായി. ഈ സൗഹൃദം മുതലെടുത്തു ഒന്നാം പ്രതി അതിജീവിതയെയും ഒപ്പം രണ്ട് കൂട്ടുകാരികളെയും രണ്ടാം പ്രതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി.

അവിടെ എത്തിയ പെണ്‍കുട്ടികള്‍ക്ക് ഇരുവരും ചേര്‍ന്ന് നിര്‍ബന്ധിച്ചു മദ്യം നല്‍കുകയായിരുന്നു. അതിന് ശേഷം ഒന്നാംപ്രതി അതിജീവിതയെ ലൈംഗീകമായി പീഡിപിച്ചു. മറ്റ് കുട്ടികള്‍ രണ്ടാം പ്രതിയുടെ മുറിയിലായിരുന്നു. ഇതില്‍ ഒരു കുട്ടിയെ രണ്ടാം പ്രതി പീഡിപ്പിച്ചിരുന്നു. പക്ഷേ മറ്റു രണ്ട് കുട്ടികളും പ്രോസിക്യൂഷന് എതിരായി മൊഴി മാറ്റി പറഞ്ഞിരുന്നു.

എന്നാല്‍ കുട്ടിയുടെ മൊഴിയും മറ്റ് രേഖകളും പരിശോധിച്ച കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ട് ശിക്ഷിക്കുകയായിരുന്നു. സംഭവ ദിവസം വൈകിട്ട് തിരികെ വീട്ടില്‍ എത്തിയ കുട്ടിയില്‍ മദ്യത്തിന്റെ മണവും അസ്വസ്ഥതകളും ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആണ് മദ്യം നല്‍കി പീഡിപ്പിച്ച വിവരം പുറത്ത് അറിയുന്നത്. ഇതിന് മുമ്പും പ്രതികള്‍ കുട്ടികളെ വീട്ടില്‍ വിളിച്ച് വരുത്തി മദ്യം നല്‍കാന്‍ ശ്രമിച്ചിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ അഡ്വ .ആര്‍.എസ് വിജയ് മോഹന്‍, അഡ്വ. ബിന്ദു വി സി എന്നിവര്‍ ഹാജരായി. മെഡിക്കല്‍ കോളേജ് പോലീസ് ഇന്‍സ്പെക്ടര്‍ പി. ഹരിലാല്‍ ആണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിച്ചു. 2 തൊണ്ടി മുതലുകളും 34 രേഖകളും ഹാജരാക്കി