തിരുവനന്തപുരം: തിരുവനന്തപുത്ത് വെള്ളറടയിൽ 13 വയസുകാരന്റെ ( എട്ടാം ക്ലാസ് വിദ്യാർത്ഥി) മരണത്തിൽ ദുരുഹത തുടരുന്നു. വെള്ളറട അമ്പലം സ്വദേശികളായ അരുളാ നന്ദകുമാർ-ഷൈനി ദമ്പതിമാരുടെ മകൻ അബി എന്ന അഖിലേഷ് കുമാറിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പുറത്ത് നിന്ന് ആരെങ്കിലും വന്നതായി പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ മുത്തച്ഛൻ പുറത്തിറങ്ങി അര മണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു. താൻ് മീൻ മേടിക്കുന്നതിനായി മാർക്കറ്റിൽ പോയിരുന്നുവെന്നാണ് മുത്തച്ഛൻ പറയുന്നത്.

റൂമിൽ ആരും കയറിയ ലക്ഷണം ഇല്ല. കാലുകൾ രണ്ടും നിലത്ത് മുട്ടിയ നിലയിലാണ് കണ്ടെത്തിയത്. ഷാൾ ലൂസായത് ഉൾപ്പെടെ പല കാരണങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയിൽ ജനലിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് അഭിലേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു കൈ തുണികൊണ്ട് കെട്ടിയനിലയിലായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.

സംഭവസമയം മാതാപിതാക്കൾ പിടിഎ മീറ്റിംഗുമായി ബന്ധപ്പെട്ട് സ്‌കൂളിൽ ആയിരുന്നു. അഖിലേഷിനെ കാണാതിരുന്നതിനെ തുടർന്ന് മുത്തച്ഛൻ തിരച്ചിൽ നടത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ ഡിവൈ.എസ്‌പി. അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ച അഖിലേഷ് കുമാർ വാഴിച്ചൽ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, കൊല്ലം ചിതറയിൽ പതിനാലുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കാക്കുന്ന് സ്വദേശി പൂജാ പ്രസാദാണ് മരിച്ചത്. പഠിക്കാനായി മുറിയിൽ കയറിയ പെൺകുട്ടിയെ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടർന്ന് വാതിൽ തകർത്ത് നോക്കിയപ്പോഴാണ് ജനലിൽ തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.