പുണെ: മകളുടെ ഓട്ടിസം സുഖപ്പെടുത്താമെന്ന് വ്യാജ വാഗ്ദാനം നൽകി കോടികൾ തട്ടിയ കേസിലെ പ്രതികളെ തപ്പി പോലീസ്. ഒരു മൾട്ടിനാഷണൽ ഐടി കമ്പനിയിലെ ജീവനക്കാരനിൽ നിന്ന് ഏഴുവർഷത്തിനിടെ 14 കോടി രൂപയാണ് ആൾദൈവവും സംഘവും ചേർന്ന് തട്ടിയത്. സന്ന്യാസിനി അടക്കമുള്ള സംഘത്തിനായി പുണെ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസമാണ് ഐടി ജീവനക്കാരൻ പുണെ സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

2018-ൽ ഒരു ഭജനയ്ക്കിടെയാണ് ഐടി ജീവനക്കാരന്റെ ഭാര്യയെ തട്ടിപ്പ് സംഘത്തിലെ ദമ്പതിമാർക്ക് പരിചയപ്പെടുത്തുന്നത്. സിദ്ധന്റെ ആത്മാവ് തങ്ങളുടെ ശരീരത്തിൽ പ്രവേശിക്കാറുണ്ടെന്നും അതുവഴി എല്ലാ രോഗങ്ങളും സുഖപ്പെടുത്താൻ കഴിയുമെന്നും ഇവർ ദമ്പതിമാരെ വിശ്വസിപ്പിച്ചു. തുടർന്ന്, കുടുംബത്തിന്റെ സ്വത്തുവിവരങ്ങളും ആസ്തികളും ചോദിച്ചറിഞ്ഞ ശേഷം മൂവരും ചേർന്ന് ഇവരെ തന്ത്രപൂർവ്വം തങ്ങളുടെ കെണിയിലാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

രോഗങ്ങൾ മാറുന്നതിനായി പ്രത്യേക പൂജകൾക്കും പ്രാർത്ഥനായോഗങ്ങൾക്കുമായി വലിയ തുകകൾ സംഘം കൈപ്പറ്റി. ബ്രിട്ടണിലെ കുടുംബത്തിന്റെ വീടും നാട്ടിലെ കൃഷിഭൂമി ഉൾപ്പെടെയുള്ള വസ്തുവകകൾ ദൗർഭാഗ്യം കൊണ്ടുവരുന്നവയാണെന്ന് പറഞ്ഞ് വിൽക്കാൻ സംഘം കുടുംബത്തെ പ്രേരിപ്പിച്ചു. വിറ്റുകിട്ടിയ പണം ദൗർഭാഗ്യം മാറാൻ സഹായിക്കുമെന്നും പറഞ്ഞ് പണം തട്ടിയെടുത്തു. ഈ തുകകൾ നൽകുന്നതിനായി യുവാവ് ബാങ്ക് വായ്പയെടുക്കുകയും ബന്ധുക്കളിൽ നിന്ന് കടം വാങ്ങുകയും ചെയ്തിരുന്നതായും പോലീസ് വെളിപ്പെടുത്തി.

വർഷങ്ങൾ കഴിഞ്ഞിട്ടും മക്കളുടെ ആരോഗ്യസ്ഥിതിയിൽ യാതൊരു മാറ്റവും വരാത്തതിനെ തുടർന്നാണ് കുടുംബത്തിന് തട്ടിപ്പ് തിരിച്ചറിഞ്ഞതും പോലീസിനെ സമീപിച്ചതും. സംഭവത്തിൽ ആൾദൈവമടക്കമുള്ള തട്ടിപ്പ് സംഘത്തെ എത്രയും പെട്ടെന്ന് പിടികൂടാൻ ഊർജ്ജിതമായ അന്വേഷണം തുടരുകയാണെന്ന് പുണെ പോലീസ് വ്യക്തമാക്കി.