പത്തനംതിട്ട : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം ചെയ്തും ലൈംഗികമായി പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരൻ പിടിയിൽ. മലപ്പുറം കുറ്റിപ്പാല സുഖപുരം ഐക്കാപ്പാടം വേങ്ങാപ്പറമ്പിൽ രതീഷിന്റെ മകൻ അഭിനന്ദ് (18) ആണ് ആറന്മുള പൊലീസിന്റെ പിടിയിലായത്.

ഇയാൾ നിരന്തരമായി പെൺകുട്ടിയുടെ വീട്ടിലും പഠിക്കുന്ന സ്‌കൂളിലും എത്തിയിരുന്നു. ആദ്യമൊക്കെ സ്‌കൂട്ടറിലായിരുന്നു വരവ്. പിന്നീട് സ്‌കൂട്ടറിന്റെ വായ്പാ തവണ മുടങ്ങിയപ്പോൾ വരവ് ഓട്ടോറിക്ഷയിലാക്കി. രണ്ടുതവണ സ്‌കൂളിൽ നിന്നും വിളിച്ചിറക്കി സ്‌കൂട്ടറിൽ ആലപ്പുഴ ബീച്ചിൽ എത്തിച്ച് ലൈംഗിക അതിക്രമം കാട്ടി. കഴിഞ്ഞ വർഷം മാർച്ചിൽ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ജൂണിൽ പെൺകുട്ടിക്ക് ഫോൺ കൊടുക്കാനെന്ന വ്യാജേനെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചു.

കുട്ടിയെ ഓട്ടോയിൽ കയറ്റി കൊണ്ടു പോകാൻ പ്രതി ശ്രമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനകഥ വെളിവായത്. കോഴഞ്ചേരി സഖി വൺ സ്റ്റോപ്പ് സെന്ററിൽ കഴിഞ്ഞുവന്ന കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിച്ചപ്പോൾ കുട്ടി പീഡനത്തിന് വിധേയയായതായി തെളിഞ്ഞു. തിരുവല്ല കോടതിയിലും ഹാജരാക്കി കുട്ടിയുടെ മൊഴിയെടുത്തു.

കുട്ടിയെ കൊണ്ടുപോയ ഇടങ്ങളിലെത്തി പൊലീസ് അന്വേഷണം നടത്തി. മലപ്പുറത്തെ വീടിനടുത്തു നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കാണാൻ വേണ്ടി മാത്രമാണ് മലപ്പുറത്ത് നിന്നും ഇവിടെ എത്തിയിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറന്മുള പൊലീസ് ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.എസ് ഐ അലോഷ്യസ്,എസ് സി പി ഓ നാസർ,സി പി ഒമാരായ ജിതിൻ, ഫൈസൽ സുജ എന്നിവരാണ് സംഘത്തിലുള്ളത്.