ലഖ്‌നൗ: ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്‌ടി‌എഫ്) ബീഹാർ പോലീസും സംയുക്തമായി നടത്തിയ കഞ്ചാവ് വേട്ടയിൽ 1.71 കോടി രൂപ വിലമതിക്കുന്ന 684 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഗയയിലെ ബരാച്ചട്ടിയിൽ വെച്ചാണ് കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ പിടികൂടിയത്.

യുപിയിലെ ചന്ദൗലി സ്വദേശിയായ വികാസ് യാദവ്, ബീഹാറിലെ റോഹ്താസ് സ്വദേശി താമസിക്കുന്ന സഞ്ജീവ് തിവാരി, ധീരജ് കുമാർ ഗുപ്ത എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ലഹരിക്കടത്തിന് ഉപയോഗിച്ചിരുന്ന ട്രക്ക്, പൈലറ്റ് വാഹനമായി ഉപയോഗിച്ച ഹ്യുണ്ടായ് ക്രെറ്റ എസ്‌യുവി, ആറ് മൊബൈൽ ഫോണുകൾ, രണ്ട് ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ബീഹാറിലേക്കും കിഴക്കൻ ഉത്തർപ്രദേശിലേക്കും വലിയ തോതിൽ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സംയുക്ത ഓപ്പറേഷൻ നടത്തിയത്. രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം വലയിലായത്. യുപി എസ്‌ടി‌എഫ് അഡീഷണൽ എസ്‌പി രാജ് കുമാർ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഒഡീഷയിലെ സാംബൽപൂർ-ബൗധിൽ നിന്ന് ബിഹാറിലെ ഡെഹ്രിയിലേക്ക് പോകുന്ന ഒരു ട്രക്ക് എസ്ടിഎഫ് നിരീക്ഷിച്ചു. തുടർന്ന്, യുപി എസ്‌ടി‌എഫും ബീഹാർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വാഹനങ്ങൾ പിടിച്ചെടുക്കാൻ സാധിച്ചത്. ഉപ്പ് ചാക്കുകൾക്കുള്ളിൽ വളരെ സൂക്ഷ്മതയോടെ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

സരോജ്, അശോക് എന്നീ വിതരണക്കാർ വഴിയാണ് ഇവ എത്തിച്ചതെന്നും, റോഹ്താസിലെ പ്രധാന കഞ്ചാവ് വിതരണക്കാരനായ ബൽറാം പാണ്ഡെയ്ക്ക് എത്തിക്കാനാണ് ശ്രമിച്ചതെന്നും പോലീസ് അറിയിച്ചു. ബൽറാം പാണ്ഡെ ബീഹാറിലും, ചന്ദൗലി, വാരണാസി, ഗാസിപൂർ തുടങ്ങിയ അതിർത്തി പങ്കിടുന്ന യുപി ജില്ലകളിലും കഞ്ചാവ് വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ്.

പിടികൂടിയ പ്രതികളിൽ ഒരാൾ, പോലീസ് പരിശോധന ഉൾപ്പെടെയുള്ള വിവരങ്ങൾ ട്രക്കിന് കൈമാറുന്നതിനായി മുന്നോടിയായി ക്രെറ്റ കാർ ഉപയോഗിച്ച് പൈലറ്റ് വാഹനമായി സഞ്ചരിക്കുകയായിരുന്നു. ലഹരിക്കടത്ത് സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.