തൃശൂർ: രാജ്യം മുഴുവൻ കറങ്ങി നടന്ന് എടിഎം കവർച്ച നടത്തുന്ന കൊള്ള സംഘത്തെ കേരളാ പൊലീസ് അറസ്റ്റ് ചെയ്തു. കേരളാ പൊലീസ് പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞതോടെ ഹരിയാന-രാജസ്ഥാൻ അതിർത്തിയിലെ ഉൾഗ്രാമത്തിൽ ഒളിച്ച കവർച്ചാ സംഘത്തെ അവരുടെ താവളത്തിൽ കയറിയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ലോറിയുമായി രാജ്യം മുഴുവൻ കറങ്ങി എടിഎമ്മുകളിൽ നിന്നു പണം തട്ടിയെടുക്കുന്ന ഹരിയാനാ സ്വദേശികളാണ് പിടിയിലായത്.

ഹരിയാന നൂഹ് ഖാൻസാലി സ്വദേശികളായ സിയാ ഉൽഹഖ് സുലേഖാൻ (35), നവേദ് മുഹമ്മദ് റിസ്വാൻ (28) എന്നിവരെയാണു പുതുക്കാട് പൊലീസ് തന്ത്രപരമായി പിടികൂടിയത്. പുതുക്കാട് ദേശീയപാതയോരത്തെ തൊറവ് എസ്‌ബിഐ ശാഖയുടെ എടിഎമ്മിൽ നിന്നു കഴിഞ്ഞ വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ 1.74 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. വ്യാജരേഖകൾ ഉപയോഗിച്ചു ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും തരപ്പെടുത്തി എടിഎമ്മിന്റെ സാങ്കേതിക പിഴവുകൾ മുതലെടുത്തായിരുന്നു തട്ടിപ്പ്.

സംഭവസമയത്ത് എടിഎമ്മിനു മുന്നിൽ നിർത്തിയിട്ടിരുന്ന ലോറികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് തട്ടിപ്പു സംഘത്തിലേക്ക് എത്താൻ സഹായകമായത്. ലോറികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഉത്തരേന്ത്യൻ സ്വദേശികളാണു സംഭവത്തിനു പിന്നിലെന്നു പൊലീസ് മനസ്സിലാക്കി. അന്വേഷണ സമയത്ത് തട്ടിപ്പുകാർ ഓടിച്ചിരുന്ന ലോറി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതും നിർണായകമായി. ഇടിയേറ്റ വാഹനത്തിന്റെ ഉടമയ്ക്കു പ്രതികൾ നഷ്ടപരിഹാരത്തുക അയച്ചതു തട്ടിപ്പു നടത്താനുപയോഗിച്ച അക്കൗണ്ടിൽ നിന്നാണ്. പ്രതികളിലേക്ക് അന്വേഷണമെത്താൻ ഇതു നിർണായക തെളിവായി.

പ്രതികളെ കഴിഞ്ഞ വർഷം തന്നെ തിരിച്ചറിഞ്ഞെങ്കിലും പൊലീസ് പിന്തുടരുന്നതറിഞ്ഞ് ഇവർ രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിലെ അതിർത്തി മലയോര ഗ്രാമങ്ങളിൽ അഭയം തേടി. പൊലീസുകാർ എളുപ്പത്തിൽ കയറി ചെല്ലാൻ മടിക്കുന്ന ഇടമാണ് ഈ പ്രദേശം. സൈബർ തട്ടിപ്പുകേസുകളിലെ പ്രതികളിൽ പലരും ഒളിവിൽ കഴിയാൻ തിരഞ്ഞെടുക്കുന്ന പ്രദേശമാണു ഹരിയാന-രാജസ്ഥാൻ അതിർത്തി പ്രദേശമായ ഖാൻസാലി. ഈ ഗ്രാമത്തിലേക്കു നാലോ അഞ്ചോ ഇടവഴികൾ മാത്രമാണുള്ളത്. ഗ്രാമത്തിലേക്ക് അപരിചിതരോ വാഹനങ്ങളോ എത്തിയാൽ ഉടൻ ഗ്രാമവാസികൾക്കു സന്ദേശം ലഭിക്കും.

പ്രതികളെ പിടികൂടാനെത്തുന്ന പൊലീസിനു നേരെ കല്ലേറും നാടൻ തോക്കു കൊണ്ടു വെടിവയ്പും ഉണ്ടാകുന്ന മേഖലയാണിത്. അതുകൊണ്ട് തന്നെ പൊലീസുകാർ അധികമായി ഇവിടേക്ക് കടന്നു ചെല്ലാറില്ല.ഹരിയാന പൊലീസിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘത്തിന്റെ കൂടി സഹായത്തോടെ നടത്തിയ റെയ്ഡുകൾക്ക് ഒടുവിലാണു പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു. റൂറൽ പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രെ ഇടപെട്ടു നൂഹിലെ 3 പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒമാരുടെ സഹായം ഉറപ്പാക്കി. പുതുക്കാട് എസ്ഐ കെ.എസ്.സൂരജ്, എസ്എസ്ഐ സി.എ. ഡെന്നീസ്, എസ്സിപിഒ കെ.ആർ. സജീവ് എന്നിവരടങ്ങിയ സംഘമാണു ഹരിയാനയിലേക്കു പോയത്.