ലക്നൗ: ഉത്തർപ്രദേശിൽ 25 വയസുകാരിയുടെ കൊലപാതകത്തിൽ 36കാരനായ കാമുകൻ അറസ്റ്റിൽ. സ്വദേശമായ തെലങ്കാനയിൽ നിന്ന് കാമുകനെ കാണാൻ ഉത്തർപ്രദേശിൽ എത്തിയതായിരുന്നു യുവതി. ഇവിടെ വച്ച് തന്നെ കല്യാണം കഴിക്കണമെന്ന് യുവതി നിർബന്ധിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച ശേഷം കാമുകൻ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

അംരോഹ ജില്ലയിൽ സെക്യൂരിറ്റി ഏജൻസിയുടെ ഓഫീസിലാണ് മൃതദേഹം കണ്ടത്. തിരിച്ചറിയൽ രേഖയുടെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ടത് തെലങ്കാന സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സെക്യൂരിറ്റി ഏജൻസിയുടെ തൊട്ടടുത്ത് പെയിന്റ് കട നടത്തുന്ന 36കാരനായ ഷെഹ്സാദ് ആണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു.

ഫേസ്‌ബുക്ക് വഴിയാണ് ഇരുവരും അടുത്തത്. മദ്യപാനത്തിന് അടിമയായ ഷെഹ്സാദിൽ നിന്ന് വർഷങ്ങൾക്ക് മുൻപാണ് ഭാര്യ വിവാഹമോചനം നേടിയത്. സോഷ്യൽമീഡിയ വഴി ഷെഹ്സാദുമായി അടുപ്പത്തിലായ യുവതി, ഷെഹ്സാദിനെ കാണാനാണ് ഹൈദരാബാദിൽ നിന്ന് അംരോഹയിൽ എത്തിയത്. നവംബർ എട്ടിനാണ് ഇരുവരും ആദ്യമായി നേരിട്ട് കാണുന്നത്.

ഇരുവരും തമ്മിൽ സംസാരിക്കുന്നതിനിടെ, ഷെഹ്സാദിനോട് തന്നെ വിവാഹം ചെയ്യാൻ 25കാരി നിർബന്ധിച്ചു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്ക് തർക്കമായി. കുപിതനായ ഷെഹ്സാദ് ഇഷ്ടിക കൊണ്ട് യുവതിയുടെ തലയ്ക്ക് അടിച്ചു. തുടർന്ന് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സെക്യൂരിറ്റി ഏജൻസിയിൽ മൃതദേഹം ഉപേക്ഷിച്ച് ഷെഹ്സാദ് കടന്നുകളഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത യുവതിയുടെ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷെഹ്സാദ് പിടിയിലായത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു.