കൊച്ചി: സംശയം തോന്നി ചോദ്യം ചെയ്യുന്നതിനിടയിൽ പാന്റ്സിന്റെ പോക്കറ്റിൽ ഇടയ്ക്കിടെ കയ്യിടുന്നത് ശ്രദ്ധയിൽ പെട്ട് നടത്തിയ പരിശോധനയിൽ യുവാവിന്റെ അടിവസ്ത്രത്തിൽ നിന്നും ലഭിച്ചത് 34 ലക്ഷം രൂപയുടെ തങ്കം. ഇന്ന് രാവിലെ അബുദാബിയിൽ നിന്നും കൊച്ചിയിലെത്തിയ യുവാവ് ഗ്രീൻചാനൽ വഴി കടന്നു പോയപ്പോൾ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് തങ്കം പിടികൂടിയത്. മലപ്പുറം ചങ്ങരംകുളം സ്വദേശി അക്‌ബറിനെയാണ് നെടുമ്പാശ്ശേരി കസ്റ്റംസ് പിടികൂടിയത്.

ഇന്ന് രാവിലെയാണ് അക്‌ബർ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. ഗ്രീൻചാനൽ വഴി കടന്നുപോകുമ്പോൾ കാണിച്ച തിടുക്കം ശ്രദ്ധയിൽപെട്ട് ഇയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തതോടെയാണ് തങ്കം കണ്ടെത്തിയത്. ഇയാളുടെ വസ്ത്രം അഴിച്ചു നടത്തിയ പരിശോധനയിൽ മൂന്ന് അടിവസ്ത്രങ്ങൾ ധരിച്ചിരിക്കുന്നതായി കണ്ടെത്തി. ഇതിൽ ഒരു അടിവസ്ത്രത്തിന്റെ ഉള്ളിലായാണ് തങ്കം പൊടിച്ച് തേച്ചു പിടിപ്പിച്ചിരുന്നത്. ഏകദേശം 640 ഗ്രാം തങ്കമാണ് കണ്ടെത്തിയത്.

അടുത്തിടെ അബുദാബിയിലേക്ക് പോയ അക്‌ബർ തിരിച്ചു വരുന്നതിനിടെ 25,000 രൂപയ്ക്കാണ് സ്വർണം കടത്താനായി തയ്യാറായത്. വിമാനത്താവളത്തിന് പുറത്ത് വച്ച് നാട്ടിലേക്ക് സ്വർണം കൊണ്ടു പോകാമെങ്കിൽ പണം തരാമെന്ന് ഒരാൾ പറഞ്ഞതനുസരിച്ചാണ് സ്വർണം കടത്തിയതെന്ന് അക്‌ബർ കസ്റ്റംസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. അബുദാബി എയർപോർട്ടിന് പുറത്ത് ഇത്തരത്തിൽ നിരവധിപേർ കേരളത്തിലേക്കുള്ള യാത്രക്കാരെ സമീപിക്കുന്നുണ്ട് എന്നും അക്‌ബർ പറയുന്നു.

ഇത്തരത്തിൽ സ്വർണം കടത്തുന്ന സംഭവം ആദ്യമായിട്ടാണ് കൊച്ചിയിൽ പിടികൂടുന്നതെന്ന് കസ്റ്റംസ് പറയുന്നു. മനുഷ്യർ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും സ്വർണക്കള്ളക്കടത്തിനു ഉപയോഗിക്കുന്നു എന്ന് കൊച്ചി വിമാനത്താവളത്തിൽ അടുത്തിടെ പിടകൂടിയ കേസുകൾ വ്യക്തമാക്കുന്നു. നെടുമ്പാശേരി ഇന്റർനാഷണൽ എയർപോർട്ടിൽ സ്വർണക്കള്ളക്കടത്തു തടയുന്ന കസ്റ്റംസ് ഡിപ്പാർമെന്റിന്ലെ ഉദ്യോഗസ്ഥർ നേരിടുന്ന വൈവിധ്യം നിറഞ്ഞ അനുഭവങ്ങൾ ഞെട്ടിപ്പിക്കുന്നവയാണ്. ദിവസങ്ങൾക്കു മുൻപേ നെടുമ്പാശേരിയിൽ സ്വർണ പാദുകങ്ങൾ, സ്വർണ തോർത്ത്, സ്വർണ താക്കോൽ, സ്വർണ ബെൽറ്റ്, സ്വർണ ബട്ടൺ, സ്വർണ ബെൽറ്റ് ബക്കിൾ മുതലായവയായിരുന്നു ഇതുവരെ കസ്റ്റംസ് പിടികൂടിയിരുന്നത്. മാർച്ച് മാസത്തിൽ ഇതുവരെയായി 3 കിലോ 340 ഗ്രാം സ്വർണമാണ് ഏഴ് പേരിൽ നിന്നായി കസ്റ്റംസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടിയത്.