ന്യൂഡൽഹി: യുഎസ്, യുകെ, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ 4 മലയാളികളെ ഡൽഹിയിൽ നിന്നു കേരള പൊലീസ് അറസ്റ്റ് ചെയ്തു.പ്രതികളെ ഇന്നു കേരളത്തിലേക്കു കൊണ്ടുവരും.കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് ഡൽഹി ദ്വാരക സെക്ടർ11 ലെ വാടക വീട്ടിൽ നിന്നു പിടികൂടിയത്.

ആലപ്പുഴ പുളിങ്കുന്ന് സ്വദേശി ശ്രീരാഗ് കമലാസനൻ (37), കായംകുളം സ്വദേശി ജയിൻ വിശ്വംഭരൻ (29), തിരുവനന്തപുരം സ്വദേശി ആഷിക് (27), തൃശൂർ സ്വദേശി സതീഷ് കുമാർ (32) എന്നിവരാണു പിടിയിലായത്. വട്ടിയൂർക്കാവ് സ്വദേശിയിൽ നിന്ന് 47 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

ഡിടിഎൻപി അസോഷ്യേറ്റ്‌സ് എന്ന വ്യാജ പോർട്ടൽ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കേരളത്തിലെ മറ്റു സ്ഥലങ്ങളിലും തട്ടിപ്പു നടന്നതായും സംഘത്തിൽ കൂടുതൽ പേരുണ്ടെന്നു സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു.സംഘത്തിലെ പ്രധാനിയായ ശ്രീരാഗ് നവി മുംബൈ ഉൾവെ സ്വദേശിയും തൊഴിൽ തട്ടിപ്പ്, അടിപിടി ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ആരോപണം നേരിടുന്നയാളുമാണ്.