- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മകനെ ഹോസ്റ്റലിലാക്കി അഞ്ചാം നാൾ കൊടുംക്രൂരത; അഞ്ചു വയസ്സുകാരന്റെ ജനനേന്ദ്രിയം മുറിച്ചു, കഴുത്തറുത്തു; ശരീരമാസകലം ആഴത്തിലുള്ള മുറിവുകൾ; ഗുരുകുലത്തിൽ കുരുന്നിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നു; പ്രിൻസിപ്പൽ പിടിയിൽ; ദേശീയപാത ഉപരോധിച്ച് ജനക്കൂട്ടം; നടുക്കം മാറാതെ നാട്

ജെഹാനാബാദ്: ഹോസ്റ്റലിൽ ചേർത്ത് അഞ്ചാം നാൾ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നടുങ്ങി ബീഹാർ. ജെഹാനാബാദിലെ ഒരു സ്വകാര്യ ഗുരുകുലം സ്കൂൾ ഹോസ്റ്റലിൽ താമസിപ്പിച്ചു പഠിപ്പിക്കാനായി മാതാപിതാക്കൾ കൊണ്ടുവിട്ട കുരുന്നിനെയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത നിലയിലായിരുന്നു. കഴുത്തറുത്തതിനു പുറമെ ശരീരമാസകലം മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചിട്ടുമുണ്ട്.
ഏപ്രിൽ ഒന്നിനാണ് അഷു എന്ന അഞ്ചു വയസ്സുകാരനെ മാതാപിതാക്കൾ ഹോസ്റ്റലിലാക്കിയത്. ഏപ്രിൽ ആറിന് പുലർച്ചെ 5.20-ഓടെ സ്കൂൾ ഡയറക്ടർ തരുൺ കുമാർ കുട്ടിയുടെ പിതാവ് അജയ് കുമാർ ശർമയെ വിളിച്ച് കുട്ടിക്ക് സുഖമില്ലെന്ന് അറിയിക്കുകയായിരുന്നു. പരിഭ്രാന്തനായി സ്വകാര്യ ആശുപത്രിയിലെത്തിയ അജയ് കുമാർ കണ്ടത് ഐസിയുവിൽ മരണത്തോട് മല്ലിടുന്ന മകനെയാണ്.
കണ്ണുനീരോടെ ആ പിതാവ് പോലീസിനോട് പറഞ്ഞതിങ്ങനെ: "കുട്ടിയുടെ കഴുത്ത് അറുത്തിരുന്നു. ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയിലായിരുന്നു. വയറിന്റെ ഇടതുഭാഗത്തും കവിളിലും പുരികത്തിന് താഴെയും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു." നില വഷളായതിനെത്തുടർന്ന് പട്നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി ഡോക്ടർമാരും സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട അഷുവിന്റെ മൂത്ത സഹോദരൻ റിഷുവും ഇതേ സ്കൂളിലെ ഹോസ്റ്റലിലാണ് താമസിക്കുന്നത്. സംഭവദിവസം രാത്രി സ്കൂൾ പ്രിൻസിപ്പൽ കൂടിയായ തരുൺ കുമാർ അഷുവിനെ തന്റെ മുറിയിലേക്ക് ഉറങ്ങാനായി കൊണ്ടുപോയിരുന്നതായി റിഷു മൊഴി നൽകിയിട്ടുണ്ട്. ഒന്നിലധികം പേർ ചേർന്ന് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതായാണ് കുടുംബം ആരോപിക്കുന്നത്.
കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പട്ന-ഗയ ദേശീയപാത ഉപരോധിച്ചു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് പാതയിൽ രൂപപ്പെട്ടത്.
സംഭവത്തിൽ മുഖ്യപ്രതിയായ സ്കൂൾ പ്രിൻസിപ്പൽ തരുൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലെ ഒരധ്യാപകനെയും രണ്ട് വനിതാ ജീവനക്കാരെയും കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്തതിന് ശേഷം ഇവരെ വിട്ടയച്ചു. സെക്യൂരിറ്റി ഗാർഡിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അധികാരസ്ഥാനത്തിരിക്കുന്ന വ്യക്തി നടത്തിയ പീഡനം, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2012-ലെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. നിലവിൽ സ്കൂൾ അധികൃതർ സീൽ ചെയ്തിരിക്കുകയാണ്.


