പന്തളം: കുട്ടികൾക്ക് ഭക്ഷണവും വാങ്ങി മടങ്ങുന്നതിനിടെ യുവാവിനെ നാലു ബൈക്കുകളിലായി എത്തിയ ഏഴംഗ സംഘം തടഞ്ഞു നിർത്തി ക്രൂരമായി മർദിച്ചുവെന്ന് പരാതി. കുളനട പനങ്ങാട് കൈപ്പുഴ കിഴക്ക് ശിവാജിസദനത്തിൽ അരുൺരാജിനാ(42) ണ് മർദനമേറ്റത്. ശനിയാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. എം.സി റോഡിൽ കുളനട ടി.ബി ജങ്ഷനിൽ വച്ചാണ് ഒരു കൂട്ടം യുവാക്കൾ അരുണിനെ തടഞ്ഞു നിർത്തി മർദിച്ചത്.

പന്തളത്ത് ഹോട്ടലിൽ നിന്നും കുട്ടികൾക്ക് ഭക്ഷണം വാങ്ങി വീട്ടിലേക്കു വരുന്ന വഴി കുളനട പഞ്ചായത്ത് ഓഫിസിന് സമീപം വച്ച് നാലു ഇരുചക്ര വാഹനങ്ങളിലായി വന്ന ഏഴോളം പേർ തടഞ്ഞു നിർത്തുകയും മർദിക്കുകയുമായിരുന്നു. തലയ്ക്കും മുഖത്തും കണ്ണിനും നെഞ്ചിനും പരുക്കേറ്റ അരുൺ രാജിനെ ബന്ധുക്കൾ എത്തിയാണ് പന്തളം മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചത്.

തന്റെ ഭാഗത്ത് നിന്നും യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ല എന്നും തന്നെ മർദിക്കുമ്പോൾ പലരും കണ്ടു നിന്നതേയുള്ളുവെന്നും അരുൺരാജ് പറഞ്ഞു. പന്തളം പൊലീസിൽ പരാതി നൽകി. സിസിടിവിയിൽ പതിഞ്ഞ മർദനദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയാണ്. കുളനടയിലെ ബാറിൽ നിന്ന് ഇറങ്ങി വന്നവരാണ് മർദിച്ചതെന്ന് പറയുന്നു. അടി കൊണ്ടതിന് ശേഷം ആൾക്കാരെ അരുൺ രാജ് തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ സിസിടിവി ദൃശ്യങ്ങൾ കണ്ട് ചിലരെ തിരിച്ചറിയുകയും അവരുടെ പേര് പൊലീസിൽ മൊഴിയായി നൽകുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വിരോധവും ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പന്തളം ഇൻസ്പെക്ടർ എസ്. ശ്രീകുമാർ പറഞ്ഞു.