തൃശൂര്‍: എരുമപ്പെട്ടി കുണ്ടന്നൂര്‍ ചുങ്കത്ത് വന്‍ കഞ്ചാവ് വേട്ട. ചരക്ക് വാഹനത്തില്‍ കടത്തുകയായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന 80 കിലോ കഞ്ചാവ് വടക്കാഞ്ചേരി പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ പിടികൂടി. സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രണ്ട് പേര്‍ പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.

ധര്‍മ്മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരാണ് പിടിയിലായത്. കുണ്ടൂര്‍ ചുങ്കം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം അര്‍ദ്ധരാത്രിയോടെയാണ് സംഭവം. 42 പൊതികളിലായി ടേപ്പ് ചുറ്റി ഒട്ടിച്ച നിലയിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഒഡീഷയില്‍ നിന്നുമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. തമിഴ്‌നാട്ടില്‍ എത്തിച്ച കഞ്ചാവ് അവിടെ നിന്നും ചരക്ക് വാഹനങ്ങളില്‍ കേരളത്തിലേയ്ക്ക് എത്തിക്കുകയായിരുന്നു.