ന്യൂഡല്‍ഹി: കൊറിയന്‍ സെന്ററിന്റെ മറവില്‍ വന്‍ ലഹരി കച്ചവടം. പരിശോധനയില്‍ പിടിച്ചെടുത്ത് 900 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന്. ഡല്‍ഹിയിലെ കൊറിയര്‍ സെന്ററില്‍ നിന്നാണ് വന്‍ തോതില്‍ ലഹരി മരുന്ന് കണ്ടെത്തിയത്. ഏകദേശം 900 കോടി രൂപ വിലയുള്ള 82.53 കിലോ ഹൈഗ്രേഡ് കൊക്കേയ്‌നാണ് പിടികൂടിയത്.

കൊറിയര്‍ സെന്ററിന്റെ മറവില്‍ വന്‍ ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്രയധികം ലഹരി പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്‍ സി ബി ഇന്ന് 82.53 കിലോഗ്രാം ഉയര്‍ന്ന ഗ്രേഡ് കൊക്കെയ്‌നാണ് കണ്ടുകെട്ടിയത്. ഒറ്റദിവസത്തിനുള്ളില്‍ നിയമവിരുദ്ധ മയക്കുമരുന്ന് പിടികൂടുന്ന ഇത്തരം വലിയ മുന്നേറ്റങ്ങള്‍ മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കാനുള്ള മോദി സര്‍ക്കാരിന്റെ അചഞ്ചലമായ ദൃഢനിശ്ചയം പ്രകടമാക്കുന്നുവെന്നും ഷാ കുറിച്ചു.

മയക്കുമരുന്ന് റാക്കറ്റുകള്‍ക്കെതിരെയുള്ള ഞങ്ങളുടെ വേട്ടയാടല്‍ നിര്‍ദയം തുടരുമെന്നും ആഭ്യന്തരമന്ത്രി വിവരിച്ചു.