തൃശൂർ: തന്റെ സ്വത്ത് മരവിപ്പിച്ച ഇ ഡി നടപടിക്കെതിരെ മുൻ മന്ത്രി എ സി മൊയ്തീൻ എംഎൽഎ. സ്വത്ത് കണ്ട് കെട്ടിയിട്ടില്ലെന്നും 28 ലക്ഷം നേരത്തെ മരവിപ്പിച്ചതാണെന്നും എസി മൊയ്തീൻ പറഞ്ഞു. സ്വത്ത് മരവിപ്പിക്കൽ നടപടി നീട്ടിയത് ഇഡിയുടെ അപേക്ഷയിലാണ്. ഇഡിയുടെ നീക്കം രാഷ്ട്രീയ വേട്ടയാടലാണെന്നും എസി മൊയ്തീൻ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. താൻ നൽകിയ കണക്കിൽ ഇഡി വിശദീകരണമോ സംശയമോ തേടിയിട്ടില്ല. തന്റെ സമ്പാദ്യം നിയമവിധേയമായതാണ്. ജനപ്രതിനിധി എന്ന നിലയിൽ തനിക്കും സർക്കാർ ജീവനക്കാരി എന്ന നിലയിൽ ഭാര്യക്കും ലഭിച്ച പണം മാത്രമാണ് സമ്പാദ്യമെന്നും എസി മൊയ്തീൻ കൂട്ടിച്ചേർത്തു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മൊയ്തീന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടി ഇന്നലെ ശരിവെച്ചിരുന്നു.

എ സി മൊയ്തീന്റെ എതിർപ്പ് തള്ളി ഡൽഹി അഡ്ജ്യുടിക്കറ്റിങ് അഥോറിറ്റിയുടെതായിരുന്നു നടപടി. എസി മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 6 ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. എന്നാൽ ഭൂസ്വത്തുക്കൾ ഇപ്പോൾ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നില്ലെന്നാണ് റിപ്പോർട്ട്. തൃശൂരിലെ സിപിഎം പ്രാദേശിക നേതാക്കളുൾപ്പെടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണത്തിന്റെ പരിധിയിലാണ്.

എ സി മൊയ്തീൻ സ്വത്ത് വിശദാംശങ്ങൾ, ബാങ്ക് നിക്ഷേപക രേഖകകൾ എന്നിവ പൂർണ്ണമായി ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹാജരായപ്പോൾ മുഴുവൻ രേഖകളും കൈമാറാൻ മൊയ്തീന് കഴിഞ്ഞിരുന്നില്ല. കേസിൽ അന്വേഷണം നേരിടുന്ന ബാങ്ക് മുൻ മാനേജർ ബിജു കരീമിന്റെ ബന്ധു കൂടിയാണ് എ സി മൊയ്തീൻ. ഈ സാഹചര്യത്തിൽ ബാങ്കിൽ നിന്ന് ബെനാമികൾ വ്യാജ രേഖകൾ ഹാജരാക്കി ലോൺ നേടിയതിൽ എ.സി മൊയ്തീന്ന് പങ്കുണ്ടോ എന്നായിരുന്നു ഇഡിയുടെ അന്വഷണം.

നേരത്തെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 15 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകൾ ഇഡി കണ്ടുകെട്ടിയിരുന്നു. എ.സി. മൊയ്തീന്റെ നിർദ്ദേശപ്രകാരമാണ് ബിനാമി ഇടപാടുകൾ നടന്നതെന്നും ഇ.ഡി. പറയുന്നു. എ.സി മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.

കരുവന്നൂർ ബാങ്കിൽ വ്യാപകമായ തട്ടിപ്പ് നടന്നതായുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. നേരത്തേ ക്രൈംബ്രാഞ്ച് കണ്ടെത്തിയ പ്രതികളുടെ വീടുകളിൽ പരിശോധന നടത്തിയതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ റെയ്ഡും. തട്ടിപ്പ് കേസിൽ 15 കോടി വിലമതിക്കുന്ന 36 വസ്തുവകകളാണ് ഇ.ഡി കണ്ടുകെട്ടിയത്. ഇവ കണ്ടുകെട്ടുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ എ.സി മൊയ്തീന്റെ 40 ലക്ഷം രൂപയുടെ നിക്ഷേപങ്ങൾ മരവിപ്പിക്കുകയും ചെയ്തു. ഇതിന്റെ കണക്ക് കാണിക്കാൻ കഴിയാത്തതിനെത്തുടർന്നാണ് നടപടി.

ഏറ്റവുമധികം തട്ടിപ്പ് നടത്തിയത് ബിജോയ് എന്നയാളാണെന്നാണ് കണ്ടെത്തൽ. 30 കോടി രൂപ വിലമതിക്കുന്ന തട്ടിപ്പുകളാണ് ഇയാൾ നടത്തിയത്. ബാങ്കിൽനിന്ന് നഷ്ടപ്പെട്ടവയിൽ ഭൂരിഭാഗം തുകയും ബിനാമി ഇടപാടുകൾ വഴിയാണെന്നും ഇ.ഡി. കണ്ടെത്തി. കഴിഞ്ഞദിവസം റെയ്ഡ് നടത്തിയ എ.സി. മൊയ്തീന്റെ ബിനാമി എന്നു സംശയിക്കുന്ന അനിൽ സേഠിനുമാത്രം ഏകദേശം 40 വായ്പകളുണ്ട്. പല വായ്പകൾക്കും ഇയാൾതന്നെയാണ് ജാമ്യം നിന്നതെന്നും ഇ.ഡി. കണ്ടെത്തി. സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തിലും സമാനമായ രീതിയിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.

കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്. പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പുവിവരം പുറത്തുവന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. പതിറ്റാണ്ടുകളായി സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതിയെ പരാതിക്ക് പിന്നാലെ പിരിച്ചുവിട്ടു. സിപിഎം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറുപേരെ പ്രതിയാക്കി ആദ്യം പൊലീസ് കേസെടുത്തു.

300 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആദ്യനിഗമനം. വിശദ പരിശോധനക്ക് ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചു. 219 കോടിയുടെ ക്രമക്കേടുണ്ടായെന്ന് കണ്ടെത്തി. 2011-12 മുതൽ തട്ടിപ്പ് നടന്നെന്നാണ് പരാതി. വ്യാജരേഖകൾ ചമച്ചും മൂല്യം ഉയർത്തിക്കാണിച്ചും ക്രമരഹിതമായി വായ്പയനുവദിച്ചും ചിട്ടി, ബാങ്കിന്റെ സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങൽ എന്നിവയിൽ ക്രമക്കേട് കാണിച്ചും വിവിധ തലങ്ങളിലായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയത്. സിപിഎം മുൻ പ്രവർത്തകനും ബാങ്ക് ജീവനക്കാരനുമായ എം വി സുരേഷാണ് പരാതി നൽകിയത്. പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ല. സഹകരണ വകുപ്പിനും പിന്നാലെ വിജിലൻസ്, ഇ.ഡി, സിബിഐ എന്നിവർക്കും പരാതി നൽകി.

ക്രമക്കേട് വൻ തുകയായതോടെ പൊലീസ് ക്രൈംബ്രാഞ്ച് സ്പെഷൽ ടീമിനെ നിയോഗിച്ചു. ഇതിൽ ആദ്യ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മുൻ ഭരണസമിതി അംഗങ്ങളെയും പ്രതി ചേർത്തു. ഇതോടെ പ്രതിപ്പട്ടികയിൽ 18 പേരായി. സഹകരണ വകുപ്പിന്റെ രണ്ടാം അന്വേഷണത്തിൽ 125.84 കോടിയുടേതാണ് ക്രമക്കേടെന്ന് കണ്ടെത്തി. അഞ്ച് പ്രതികളുടെ സ്വത്തുക്കൾ നേരത്തേ കണ്ടുകെട്ടി. പിന്നാലെ സഹകരണ വകുപ്പ് 125.84 കോടി ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികളിലേക്ക് കടന്നെങ്കിലും പ്രതികളുടെ ഹരജിയിൽ കോടതി സ്റ്റേ ചെയ്തു.

ബാങ്ക് ജപ്തി നോട്ടീസിനെത്തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. നിക്ഷേപത്തുക കിട്ടാത്തതിനെത്തുടർന്ന് മതിയായ ചികിത്സ ലഭിക്കാത്തതിനാൽ വയോധിക മരിച്ചു. ഒടുവിലായി ബാങ്കിൽ 150 കോടിയുടെ ക്രമക്കേട് നടന്നെന്നും മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീനാണ് വ്യാജലോണുകൾക്ക് പിന്നിലെന്നും ഇ.ഡി കണ്ടെത്തി.