പത്തനംതിട്ട:ശാരീരിക വൈകല്യമുള്ള അദ്ധ്യാപികയോട് സഹാനുഭൂതി കാട്ടിയതിന് വിദ്യാഭ്യാസ ഉപഡയറക്ടർക്കെതിരേ അടിസ്ഥാന രഹിതമായ പരാതി ഉന്നയിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) ആൻഡ് വിജിലൻസ് ഓഫീസറുടെ കർശന താക്കീത്. ആവർത്തിച്ചാൽ വകുപ്പു തല അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.

അനാരോഗ്യമുള്ള എൽ.പി. സ്‌കൂൾ അദ്ധ്യാപികയെ ആറന്മുള എ.ഇ.ഓ ദ്രോഹിക്കുന്നുവെന്ന് കാട്ടി നൽകിയ പരാതിയിൽ അവർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് പത്തനംതിട്ട വിദ്യാഭ്യാസ ഉപ ഡയറക്ടർ ആയിരുന്ന കെ.എസ്. ബീനാ റാണിക്കെതിരെ എ.ഇ.ഓ ജെ. നിഷ പൊതുവിദ്യാഭ്യാസ ഡയറക്ടറെ സമീപിച്ചത്. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറും വിജിലൻസ് ഓഫീസറുമായ സി.എ. സന്തോഷ് നടത്തിയ അന്വേഷണത്തിൽ എ.ഇ.ഓയുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയാണ് കർശനമായി താക്കീത് ചെയ്തിരിക്കുന്നത്.

2020 മെയ്‌ 31 ന് മെഴുവേലി ഗവ.എൽ.പി.എസിൽ ഉണ്ടായ പ്രധാന അദ്ധ്യാപികയുടെ ഒഴിവിലേക്ക് സീനിയർ അദ്ധ്യാപികയായ എ.ആർ. ശ്രീലതയ്ക്ക് എ.ഇ.ഓ പൂർണ ചുമതല നൽകിയിരുന്നു. അദ്ധ്യാപികയാകട്ടെ ജോലിയിൽ പ്രവേശിക്കാതെ അവധിക്ക് അപേക്ഷ നൽകുകയും എ.ഇ.ഓയുടെ നടപടിക്കെതിരേ അംഗപരിമിതി കമ്മിഷണർക്ക് പരാതി അയയ്ക്കുകയും ചെയ്തു. ഈ അദ്ധ്യാപികയ്ക്ക് അനുകൂലമായ നിലപാട് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ ആയിരുന്ന ബീനാറാണി സ്വീകരിച്ചുവെന്നും ചുമതല ഏറ്റ നാൾ മുതൽ തന്നെ ദ്രോഹിക്കുന്ന നിലപാടാണ് ഉപഡയറക്ടറുടെ ഭാഗത്ത് നിന്നുമുള്ളതെന്നും കാട്ടിയാണ് എ.ഇ.ഒ ജെ. നിഷ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർക്ക് പരാതി അയച്ചത്.

ശാരീരികമായി പരിമിതികളുള്ള ശ്രീലത എന്ന അദ്ധ്യാപികയെ അത് കണക്കിലെടുക്കാതെ എ.ഇ.ഒ പരസ്യമായി അധിക്ഷേപിച്ചുവെന്നും തന്നിൽ നിക്ഷിപ്തമായ അധികാരങ്ങൾ എ.ഇ.ഒ യഥാസമയം നിർവഹിച്ചിട്ടില്ല എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് താൻ അടിയന്തര നടപടി സ്വീകരിച്ചതെന്നും ബീനാ റാണി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മാത്രവുമല്ല, ജെ. നിഷ മേലധികാരിയുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ ദുർവ്യാഖ്യാനം ചെയ്തുവെന്നും ഇത് എ.ഇ.ഓയ്ക്ക് ചേർന്നതല്ലെന്നും ഉപഡയറക്ടറുടെ റിപ്പോർട്ടിൽ പരാമർശമുണ്ട്.

പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ സമർപ്പിച്ച വസ്തുതകൾ ശരിയാണെന്ന് കണ്ടെത്തി. ബീനാ റാണിക്കെതിരേ ഉന്നയിച്ച പരാതിക്ക് ബലമേകുന്ന തെളിവുകൾ ഹാജരാക്കാനും എ.ഇ.ഓയ്ക്ക് കഴിഞ്ഞില്ല. ഉപജില്ലാ തലത്തിൽ പരിഹരിക്കേണ്ട പ്രശ്നം ഇത്രയധികം സങ്കീർണമാക്കിയത് നിഷയാണെന്ന് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇനിയും ഇത്തരം കൃത്യവിലോപം ഉണ്ടായാൽ വകുപ്പു തല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും താക്കീത് നൽകിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു. കെ.എസ്. ബീനാറാണി നിലവിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ (ക്യൂ.ഐ.പി) ആണ്.