തൊടുപുഴ: മദ്യലഹരിയിൽ തൊടുപുഴ നഗരത്തിൽ വെച്ച് മൂന്നു പേരെ അക്രമിച്ച് ഗുരുതര പരിക്കേൾപ്പിച്ച യുവാക്കൾ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതികളായ മുന്നംഗ സംഘമാണ് പൊലീസ് പിടിയിലായത്. ഇവരുടെ അക്രമത്തിൽ ഗുരുതര പരിക്കേറ്റ യുവാക്കൾ അപകട നില തരണം ചെയ്തു.

മദ്യ ലഹരിയിൽ രണ്ടുസംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഭവങ്ങള്ക്ക് തുടക്കം. തർക്കത്തിനിടെയുണ്ടായ കയ്യാങ്കളിയിൽ ഒരു സംഘത്തിലെ രണ്ടുപേർക്ക് കുത്തേറ്റു. കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചശേഷം പൊലീസ് സ്റ്റേഷനിൽ പരാതി നില്കിയിറങ്ങിയപ്പോഴും വീണ്ടും അക്രമിക്കപ്പെട്ടു. പരാതി നൽകിയ ആളുടെ കാലിലൂടെ വാഹനം കയറ്റി.

ഇങ്ങനെ അക്രമം നടത്തിയ നേര്യമംഗലം സ്വദേശി റെനി, തൊടുപുഴ സ്വദേശികളായ ആദർശ്, നന്ദു ദീപു എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവിൽ പോയ ഇവരെ ഒളമറ്റത്തുവെച്ച് പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ വിവധി സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്

കാറടിച്ച് ഗുരുതരമായി പരിക്കേറ്റ മൂവാറ്റുപുഴ സ്വദേശി ജോയൽ എബ്രഹാം എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തേറ്റ ഇയാളുടെ സുഹൃത്തുക്കളായ ടോണി പയസ്, നെൽവിൻ എന്നിവർ അപകട നില തരണം ചെയ്തു. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം, തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തിയിരുന്ന യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. തൊടുപുഴ ഇടവെട്ടി സ്വദേശി ഷാൽബിൻ ഷാജഹാനാണ് പിടിയിലായത്. ഇയാൾക്ക് ലഹരി മരുന്നകൾ നൽകുന്ന സംഘത്തെകുറിച്ച് എക്‌സൈസും പൊലീസും അന്വേഷണം തുടങ്ങി. കൊച്ചിയടക്കം മധ്യകേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് തമിഴ്‌നാട്ടിൽ നിന്നും ലഹരിയെത്തിക്കുന്നത് തൊടുപുഴ കേന്ദ്രീകരിച്ചാണെന്ന വിവരം പൊലീസിനും എക്‌സൈസിനുമുണ്ട്.

ഇതിനിടെ തൊടുപുഴയിലെ സ്വകാര്യ മെഡിക്കൽ -ലോ കോളേജുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപ്പനയെകുറിച്ചുള്ള വിവരവും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഷാൽബിൻ ഷാജഹാൻ പിടിയിലാകുന്നത്. കോളേജ് വിദ്യാര്ത്ഥികൾക്കിടയിൽ ലഹരി വില്ക്കുന്ന പ്രധാന കണ്ണിയാണ് ഇയാളെന്നാണ് എക്‌സൈസ് സംഘം വിശദീകരിക്കുന്നത്. വലയിലാകുമ്പോൾ ഷാൽബിന്റെ കൈവശം എട്ടു ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു.