- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ക്ലാസ് പുരോഗമിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിക്ക് വയറു വേദനയും ശാരീരികാസ്വസ്ഥതയും; ശുചിമുറിയില്‍ കയറി പ്രസവിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി; 28കാരന് അറസ്റ്റില്‍: സംഭവം കര്‍ണാടകയിലെ സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍
ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ പ്രസവിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി സ്കൂളില്‍ പ്രസവിച്ചു. കര്‍ണാടകയിലെ ഷഹപുര്‍ താലൂക്കിലെ സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂള്‍ സമയത്തിനിടെയാണ് പതിനേഴുകാരിയായ വിദ്യാര്‍ഥിനി ശുചിമുറിയില്‍ പ്രസവിച്ചത്. തുടര്‍ന്ന് സഹപാഠികള്‍ വിവരം സ്കൂള്‍ അധികൃതരെ അറിയിച്ചു. അധികൃതര്‍ ഉടന്‍ തന്നെ വിദ്യാര്‍ഥിനിയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഓഗസ്റ്റ് 27-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ക്ലാസ് പുരോഗമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് വയറുവേദനയും ശാരീരികാസ്വസ്ഥതയും വന്നത്. തുടര്‍ന്ന് ടീച്ചറുടെ അനുവാദത്തോടെ സ്കൂളിലെ ശുചിമുറിയിലേക്ക് പോയ പെണ്‍കുട്ടി ഒരാണ്കുഞ്ഞിന് ജന്മം നല്‍കുക ആയിരുന്നു. പെണ്‍കുട്ടിയുടെ ബുദ്ധിമുട്ടുകണ്ട സഹപാഠികള്‍ സ്കൂള്‍ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെയും കുഞ്ഞിനെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശുചിമുറിയില്‍വച്ച് വയറുവേദന അനുഭവപ്പെടുകയും പ്രസവിക്കുകയും ചെയ്തു എന്ന് മാത്രമാണ് കുട്ടി അധ്യാപകരോടും പൊലീസിനോടും പറഞ്ഞത്. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്നു പെണ്‍കുട്ടി. വീട്ടുകാര്‍ക്ക് സംഭവത്തെ കുറിച്ച് അറിവില്ലെന്നാണ് പ്രാഥമിക വിവരം. 17 വയസ്സും ഏഴ് മാസവും പ്രായമുള്ള പെണ്‍കുട്ടി പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഏകദേശം ഒന്‍പത് മാസം മുമ്പ് ഒരു അജ്ഞാതന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന പെണ്‍കുട്ടി ആദ്യഘട്ടത്തില്‍ വിവരങ്ങളൊന്നും പറയാന്‍ തയ്യാറായിരുന്നില്ല.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് 28 വയസ്സുകാരനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. കുട്ടി ആരോഗ്യവതിയായ ശേഷം സംഭവത്തെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിയാനുള്പ്പെടെ കൗണ്‍സിലിങ് നല്‍കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം സ്കൂള്‍ അധികൃതരോ, പ്രസവം നടന്നതിന് പിന്നാലെ ബന്ധുക്കളോ ഉടനടി പൊലീസില്‍ വിവരമറിയിച്ചില്ലെന്നും ആരോപണമുണ്ട്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തില്‍, പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരവും ഭാരതീയ ന്യായ് സംഹിതയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു.
പെണ്‍കുട്ടിയുടെ ഗര്‍ഭധാരണത്തെക്കുറിച്ച് അധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഹോസ്റ്റല്‍ വാര്ഡന്, സ്കൂള്‍ പ്രിന്‍സിപ്പല്‍, സ്റ്റാഫ് നഴ്സ്, ഇരയുടെ സഹോദരന് എന്നിവരടക്കം നാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അധ്യയന വര്‍ഷം ആരംഭിച്ചതു മുതല്‍ പെണ്‍കുട്ടി സ്കൂളില്‍ സ്ഥിരമായി ഹാജരായിരുന്നില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികളുടെ പഠനപരവും ആരോഗ്യപരവുമായ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതില്‍ കൃത്യവിലോപം കാണിച്ചതിനും അശ്രദ്ധ കാണിച്ചതിനും പ്രിന്‍സിപ്പല്‍, ഹോസ്റ്റല്‍ വാര്ഡന് എന്നിവരുള്‍പ്പെടെ സ്കൂളിലെ നാല് ജീവനക്കാരെ കര്‍ണാടക റെസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സൊസൈറ്റി (KREIS) സസ്പെന്‍ഡ് ചെയ്തു. ഹോസ്റ്റല്‍ വാര്ഡന്, സ്കൂള്‍ പ്രിന്‍സിപ്പാള്‍, വിദ്യാര്‍ഥിനിയുടെ സഹോദരന്, നഴ്സ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാത്തതിനാലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.