തൃശൂർ: ബൈക്ക് ചോദിച്ചിട്ട് നൽകാത്തതിന് യുവാവിന് ക്രൂര മർദ്ദനം.തൃശൂരിലാണ് സംഭവം. അഞ്ചേരി സ്വദേശിയായ മിഥുനാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചേരി സ്വദേശി തന്നെയായ വൈശാഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വധ ശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ തൃശൂർ വെസ്റ്റ് പൊലീസ് റിമാൻഡ് ചെയ്തു.

ഇരുവരും സുഹൃത്തുക്കളാണ്.കേരള വർമ കോളജിന് സമീപം ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുകയാണ് മിഥുൻ. ഇവിടെ എത്തിയാണ് വൈശാഖ് ബൈക്ക് ആവശ്യപ്പെട്ടത്. എന്നാൽ ബൈക്ക് നൽകാൻ മിഥുൻ തയ്യാറായില്ല.ഇതിനെത്തുടർന്നുണ്ടായ ദേഷ്യമാണ് മർദനത്തിൽ കലാശിച്ചത്.

പതിവായി ക്രിമിനൽ സ്വഭാവം കാണിക്കുന്നയാളാണ് വൈശാഖ് എന്ന് പൊലീസ് പറയുന്നു. മർദനത്തിനുശേഷം മിഥുൻ ആശുപത്രിയിൽ ചികിത്സ തേടി. ഹിമോഫീലിയ രോഗി കൂടിയാണ് മിഥുൻ. സംഭവത്തിന്റെ പിറ്റേന്നു തന്നെ വൈശാഖിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് മർദനത്തിന്റെ തീവ്രത പുറംലോകം അറിഞ്ഞത്.

നവംബർ 25നാണ് ക്രൂരമർദ്ദനം അരങ്ങേറിയത്.നിരവധി ക്രിമിനൽ കേസുകൾ പ്രതിയാണ് വൈശാഖ് എന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ നിരവധി പരാതികളുണ്ട്. പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിലും ഇയാളുണ്ട്.