- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട്ടെ പ്രവാസി വ്യവസായി മരിച്ചത് തലയ്ക്കേറ്റ പരിക്ക് മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കേസിൽ വൻ വഴിത്തിരിവ്; എം.സി. അബ്ദുൽ ഗഫൂറിന്റെ വീട്ടിൽ നിന്നും കാണാതായത് 595 പവനിലേറെ സ്വർണവും; സ്വർണം ഇരട്ടിപ്പിക്കൽ സംഘവുമായി ബന്ധമുള്ള സ്ത്രീയെ നുണപരിശോധനയ്ക്ക് വിധേയയാക്കും
കാസർകോഡ്: പൂച്ചക്കാട് പ്രവാസി വ്യവസായിയായ എം.സി. അബ്ദുൽ ഗഫൂറിന്റെ മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക് മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഏപ്രിൽ 14നാണ് അബ്ദുൽ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണം എന്ന് കരുതിയാണ് ബന്ധുക്കൾ മൃതദേഹം ഖബറടക്കിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കേസ് കൂടുതൽ വഴിത്തിരിവിലേക്ക് കടക്കുകയാണ്.
ഗഫൂറിന്റെ വീട്ടിൽ നിന്ന് 595 പവനിലേറെ സ്വർണം കാണാതായിരുന്നു. ഇക്കാര്യം പിന്നീടാണ് ബന്ധുക്കൾ മനസിലാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.
സ്വർണം ഇരട്ടിപ്പിക്കൽ സംഘത്തിലെ സ്ത്രീയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹണി ട്രാപ്പ് കേസിലെ പ്രതിയാണ് ഈ സ്ത്രീ. കേസിന്റെ തുടക്കം മുതൽ സംശയനിഴലിലുള്ള ഈ സ്ത്രീയെ നുണ പരിശോധനക്ക് വിധേയയാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. നുണപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ആർ ഡിഒ കോടതിയിലാണ് പൊലീസ് ഹരജി നൽകുകയും ചെയ്തിരുന്നു.
ഗഫൂർ ഹാജിയുടെ മരണത്തിന് പിന്നാലെ കോടികളുടെ സ്വർണം കാണാതായ സംഭവത്തിൽ യുവതിക്കും ഭർത്താവിനുമെതിരെ ചില സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇവരെ നുണപരിശോധനയക്ക് വിധേയരാക്കാൻ നടപടി തുടങ്ങിയതെന്ന് അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന ബേക്കൽ ഡിവൈഎസ്പി സി.കെ.സുനിൽകുമാർ വ്യക്തമാക്കിയത്. ഗഫൂർ ഹാജിയുടെ വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയുമടക്കം 596 പവൻ സ്വർണ്ണമാണ് കാണാതായത്.
ആഭിചാരക്രിയകൾ നടത്തുന്ന യുവതിയും ഭർത്താവുമാണ് സ്വർണം കാണാതായതിന് പിന്നിലെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി അബ്ദുൽ ഗഫൂർ ഹാജിയുടെ മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയെയും ഭർത്താവിനെയും പൊലീസ് നിരവധി തവണ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ശേഖരിക്കാനായില്ല. പരസ്പര വിരുദ്ധമായ മറുപടികളാണ് ഇരുവരും നൽകിയത്. ഇതോടെയാണ് നുണപരിശോധനയിലേക്ക് കടക്കാൻ പൊലീസ് തീരുമാനിച്ചത്.
അബ്ദുൽ ഗഫൂറിന്റെ മരണത്തിൽ സംശയമുയർന്നതിനെ തുടർന്ന് മൃതദേഹം പള്ളിഖബർ സ്ഥാനിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുകയും ആന്തരികാവയവങ്ങൾ കണ്ണൂരിലെ ഫോറൻസിക് ലാബിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തലയ്ക്കേറ്റ പരിക്കാണ് മരണത്തിന് ഇടയാക്കിയത് എന്ന് വ്യക്തമായതോടെ കൊലപാതക സംശയമാണ് ഉയർന്നിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ