- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതി കേസിൽ അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാൻ വിജിലൻസ് നീക്കം; ബംഗ്ലൂരു കമ്പനിക്കായി അബ്ദുള്ളക്കുട്ടി ഇടപെട്ടുവെന്ന ആരോപണം ഗൗരവത്തോടെ എടുത്ത് അന്വേഷണം; അഴിമതി കേസിൽ ബിജെപി നേതാവ് കുടുങ്ങുമോ?
കണ്ണൂർ: കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതി കേസിൽ മുൻ എംഎൽഎയും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എ.പി അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാൻ വിജിലിൻസ് നീക്കം തുടങ്ങി. പദ്ധതിയുടെ കരാർ സ്വകാര്യ കമ്പിനിക്ക് കിട്ടാനായി അബ്ദുള്ളക്കുട്ടി ഇടപെട്ടതിന്റെ രേഖകൾ അടിസ്ഥാനമാക്കിയാണ് നീക്കം നടത്തുന്നത്. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതലാളുകളെ മൊഴി ചേർക്കുന്ന കാര്യം വിജിലിൻസ് തീരുമാനിക്കും.
കണ്ണൂർ സെന്റ് ഏയ്ഞ്ചലോ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ വിജിലൻസ് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. ഡി.ടി.പി.സി സെക്രട്ടറിയായിരുന്ന സജിവർഗീസ് ഉൾപ്പെടെയുള്ളവരെ പ്രതിയാക്കി തലശേരി വിജിൻസ് കോടതിയിൽ റിപ്പോർട്ട്സമർപ്പിച്ചിരുന്നു.പദ്ധതിയിൽ വൻ ക്രമക്കേട് നടന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിതിനെ തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കോട്ടയിൽ പല ഉപകരണങ്ങളും സ്ഥാപിച്ചില്ലെന്നും ഉപയോഗിച്ച ഉപകരണങ്ങൾ ഗുണനിലവാരമല്ലെന്നും കണ്ടെത്തിയിരുന്നു. പദ്ധതി നടപ്പിലാക്കുന്ന സമയത്ത് കണ്ണൂർ എംഎൽഎയായിരുന്ന അബ്ദുള്ളക്കുട്ടിയുടെ മൊഴി വിജിലൻസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. പദ്ധതിയിൽ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നായിരുന്നു അബ്ദുള്ളക്കുട്ടി വിജിലൻസിന് മൊഴി നൽകിയത്.
എന്നാൽ ഡി.ടി.പി.സിയിൽ നിന്നും കസ്റ്റഡിയിലെടുത്ത രേഖകളിൽ അബ്ദുള്ളക്കുട്ടിയുടെ ഇടപെടലുകൾ സംബന്ധിച്ചവിവരങ്ങൾ ലഭിച്ചതായാണ് സൂചന. പദ്ധതിയുടെ കരാർ ബംഗ്ളൂര് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പിനിക്ക്കിട്ടാനായി അബ്ദുള്ളക്കുട്ടി ഇടപെട്ടത് സംബന്ധിച്ച രേഖകളാണ് വിജിലൻസിന്റെ കൈവശമുള്ളത്. ഈക്കാര്യത്തിൽ വ്യക്തതവരുത്താനായി അദ്ദേഹത്തെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ തീരുമാനം.
സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികൾ വിജിലൻസ് തുടങ്ങിയിട്ടുണ്ട്. ഇതിന് ശേഷമാകും കൂടുതലാളുകളെ പ്രതികളായി ചേർക്കണോയെന്ന കാര്യം തീരുമാനിക്കുക. 3.4 കോടി രൂപ ചെലവിട്ടായിരുന്നു 2016-ൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോപദ്ധതി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തത്. രണ്ടുവർഷത്തിനു ശേഷം പൊതുജനങ്ങൾക്കായി പ്രദർശനം അനുവദിച്ചെങ്കിലും മാസങ്ങൾക്കുള്ളിൽ തന്നെ പദ്ധതി നിലയ്ക്കുകയായിരുന്നു.
മുൻ എംപിയും ഇപ്പോൾ ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനുമാണ് അബ്ദുള്ളക്കുട്ടി. സി.പി. എമ്മിൽ നിന്നും കോൺഗ്രസിലേക്ക് വന്ന സമയത്താണ് അബ്ദുള്ളക്കുട്ടി കണ്ണൂർ മണ്ഡലത്തിൽ യു.ഡി. എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. പിന്നീട് കോൺഗ്രസ് വിട്ടു നരേന്ദ്ര മോദി സ്തുതി നടത്തി ബിജെപിയിലേക്ക് ചേക്കേറുകയും അവിടെ നിന്നും അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ഉയരുകയുമായിരുന്നു.




