കൊല്ലം: ഓയൂരിലെ അബിഗേലിന് എന്തു സംഭവിച്ചു? ആർക്കും ഒന്നും അറിയില്ല. ഇന്നലെ പാരിപ്പള്ളിയിൽ നിന്ന് കുട്ടിയുടെ വീട്ടിലേക്ക് ഫോൺ വിളിയെത്തി. അപ്പോഴെങ്കിലും അതിവേഗം ഉണർന്നിരുന്നുവെങ്കിൽ പൊലീസിന് പ്രതികളെ പിടിക്കാമായിരുന്നു. ഒരു മൊബൈൽ ഫോണിൽ നിന്നാണ് കോളെത്തിയത്. അപ്പോൾ തന്നെ അതിന്റെ ടവർ ലൊക്കേഷൻ മനസ്സിലാക്കാൻ കഴിയുന്ന സാങ്കിതകത്വം ഉണ്ട്. മോചനദ്രവ്യം ചോദിച്ച് കുട്ടിയുടെ അച്ഛന്റേയോ അമ്മയുടേയോ ഫോണിലേക്ക് വിളി വരുമെന്ന ഉൾക്കാഴ്ച പൊലീസിന് ഇല്ലാതെ പോയി. അതുകൊണ്ട് തന്നെ മൊബൈലിൽ വിളി വന്ന ശേഷം മാത്രമാണ് ആ മൊബൈൽ നിരീക്ഷണത്തിലാക്കിയത്. നേരത്തെ തന്നെ അതിലേക്ക് വരുന്ന കോളുകൾ നിരീക്ഷിച്ചിരുന്നുവെങ്കിൽ വിളി വന്നപ്പോൾ തന്നെ ലൊക്കേഷൻ കണ്ടെത്താമായിരുന്നു. ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷന് അതിവേഗ നിർദ്ദേശം നൽകി അവരെ പിടികൂടാമായിരുന്നു. ഇത് പൊലീസിന്റെ വീഴ്ചയാണ്.

ദേശീയ പാതയിലുട നീളം എഐ ക്യാമറയുണ്ടെന്നാണ് വയ്‌പ്പ്. മറ്റ് സിസിടിവി ക്യാമറകളും സർക്കാർ സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. എന്നാൽ റോഡിലെ ക്യാമറകളിലൊന്നും ആ കാറിന്റെ നമ്പർ പതിഞ്ഞില്ല. സ്വകാര്യ വ്യക്തികളുടെ ക്യാമറകൾ പരിശോധിച്ചാണ് അന്വേഷണം പോകുന്നത്. അതുകൊണ്ട് തന്നെ കാർ നമ്പർ വ്യക്തമായി തെളിയുന്ന ചിത്രം പൊലീസിന് കിട്ടിയില്ല. കുട്ടിയെ തട്ടിക്കൊണ്ടു പോയവർ ഉപേക്ഷിച്ച് കടക്കുമെന്ന പ്രതീക്ഷയാണ് പൊലീസിനുള്ളത്. മോചനദ്രവ്യം ചോദിച്ച് വിളിച്ച സ്ത്രീയുടെ ശബ്ദം തിരിച്ചറിയാൻ പോലും പൊലീസിന് കഴിയുന്നില്ല. പ്രതികളുടെ കൈയിൽ ഫോണില്ലാത്തതാണ് പ്രതിസന്ധിയെന്ന് പൊലീസ് പറയുന്നു. അതായത് മൊബൈൽ ഫോണില്ലാത്ത എന്ത് കുറ്റകൃത്യം നടത്തിയാലും കണ്ടെത്താൻ കഴിയില്ലെന്ന് സാരം. മൊബൈൽ വിളിയും ടവർ ലൊക്കേഷനും ഇല്ലെങ്കിൽ കുറ്റവാളികളെ പിടിക്കാൻ കഴിയാത്ത പൊലീസായി കേരളത്തിലേത് മാറുകയാണ്.

ഒന്നും ഇല്ലായ്മയിൽ നിന്നും പ്രതികളെ പിടിക്കാൻ കഴിവുള്ള സേനയായിരുന്നു പൊലീസ്. പ്രത്യേകിച്ച് ലോക്കൽ സ്‌റ്റേഷനിലെ പൊലീസുകാർ. എന്നാൽ രാഷ്ട്രീയ അതിപ്രസരത്തിൽ പറഞ്ഞാൽ അനുസരിക്കുന്നവർ മാത്രം പൊലീസ് സ്‌റ്റേഷനുകളിൽ മതിയെന്ന നിലപാട് ചില രാഷ്ട്രീയ പാർട്ടികൾ എടുത്തപ്പോൾ മിടുക്കന്മാരെല്ലാം സ്‌റ്റേഷന് പുറത്തായി. സഖാക്കളുടെ കുറ്റകൃത്യങ്ങളെ സംരക്ഷിക്കുന്നവർ മാത്രമായി സ്റ്റേഷനുകൾ മാറി. അതാണ് ഓയൂരിലും അന്വേഷണത്തിൽ വെല്ലുവിളിയാകുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന വിവരം കിട്ടിയപ്പോൾ ചെയ്യേണ്ടതൊന്നും പൊലീസ് ചെയ്തില്ല. വാഹന പരിശോധന നടത്തിയവർ ആ വാഹനങ്ങളുടെ ഡിക്കി പോലും തുറന്നു നോക്കിയില്ല. എല്ലാ പരിശോധനയും ചാനൽ ക്യമാറയ്ക്ക് മുന്നിലെ പബ്ലിസിറ്റ് സ്റ്റണ്ടാണെന്ന വാദവും സജീവമാണ്.

പാരിപ്പള്ളിയിൽ നിന്നുള്ള ഫോൺ വിളിയും അന്വേഷകരെ വഴി തെറ്റിക്കാനായിരുന്നുവെന്ന് വേണം അനുമാനിക്കാൻ. അതിലും അവർ വിജയിച്ചു. കാണാതായി 20 മണിക്കൂർ പിന്നിട്ടിട്ടും കൊല്ലം ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ആറുവയസ്സുകാരി അബിഗേൽ സാറ റെജിയേക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. പാരിപ്പള്ളി, പള്ളിക്കൽ പ്രദേശങ്ങൾക്ക് പുറമെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചുമാണ് ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം നടത്തിയതെങ്കിലും, ഇപ്പോൾ മറ്റു ജില്ലകളിലേക്കുകൂടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനിടെ, തിരുവനന്തപുരത്തെ ശ്രീകാര്യം, ശ്രീകണ്‌ഠേശ്വരം എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തുകയും മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ പിന്നീട് വിട്ടയച്ചു.

ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെ തിങ്കളാഴ്ച വൈകീട്ട് 4.20-നാണ് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്ന് പുറത്തേക്കു തള്ളിയിടുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയത് സ്വിഫ്റ്റ് ഡിസയർ കാറിലാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച രാത്രി മോചനദ്രവ്യം ആവശ്യപ്പെട്ട് പാരിപ്പള്ളിയിലെ കടയിൽ നിന്ന് ഫോൺ വിളിച്ച സ്ത്രീയോടൊപ്പം കടയിലെത്തിയ വ്യക്തിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാളെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. എന്നാൽ പൊലീസ് സ്ഥിരീകരിക്കുന്നില്ല.

കടയുടമയുടെ ഭാര്യ ഗിരിജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം ഒരുക്കിയത്. കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസ് കൺട്രോൾ റൂം നമ്പറായ 112-ൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. 9946923282, 9495578999 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.