കൊല്ലം; നാട്ടുകാരാണ് കൊല്ലം ആശ്രാമം മൈതാനത്ത് ആ കുട്ടി ഒറ്റയ്ക്കിരിക്കുന്നത് കണ്ടത്. ഒറ്റനോട്ടത്തിൽ തന്നെ അവർ കൊല്ലത്തു നിന്നും കണ്ടെത്തിയ കുട്ടിയാണ് അതെന്ന് തിരിച്ചറിഞ്ഞു. ക്ഷീണിതയായ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് അവർ പൊലീസിനെ അറിയിച്ചു. അതിവേഗം പൊലീസും എത്തി. രക്ഷിതാക്കളില്ലാതെ കുട്ടി ഇരിക്കുന്നത് കണ്ടതാണ് നിർണ്ണായകമായത്. ഏകദേശം ഒന്നര മണിയോടെയായിരുന്നു കുട്ടിയെ നാട്ടുകാർ കണ്ടത്. അങ്ങനെ ഓയൂരിലെ അനിശ്ചിതത്വത്തിൽ ആദ്യ കടമ്പ കടന്നു. കുട്ടിയെ ജീവനോടെ തിരിച്ചു കിട്ടി. മലയാളിയുടെ കൈയിൽ നിന്ന് രക്ഷപ്പെടാൻ ആകില്ലെന്ന് തിരിച്ചറിഞ്ഞ് ആ മാഫിയാ സംഘം കുട്ടിയെ ഉപേക്ഷിച്ചു. ഇതിന് വേണ്ടിയാണ് കേരളം ഒന്നാകെ മുക്കും മൂലയും അരിച്ചു പെറുക്കിയത്. ഇതാണ് നിർണ്ണായകമായത്.

ഈ കുട്ടിയേയും കൊണ്ട് ഒരിടത്തും ഒളിക്കാനാകില്ലെന്ന് സംഘം മനസ്സിലായി. വാഹന പരിശോധനയ്ക്കൊപ്പം ഒഴിഞ്ഞു കിടന്ന വീടുകളിലും പറമ്പിലും പോലും മലയാളികൾ കയറി. പൊതു സമൂഹം പൂർണ്ണമായും മുന്നിൽ നിന്നു. മാധ്യമങ്ങളുടെ കരുതലും നിർണ്ണായകമായി. ഇതെല്ലാം അറിഞ്ഞ സംഘത്തിന് ഈ കുട്ടിയെ വച്ചുള്ള വിലപേശൽ നടക്കില്ലെന്ന് ഉറപ്പായി. ഇതോടെയാണ് മോചന ദ്രവ്യം കിട്ടില്ലെന്ന് ഉറപ്പാക്കിയ സംഘം കുട്ടിയെ ജീവനോടെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത്. ഇത്രയും പരിശോധന നടക്കുമ്പോഴും കുട്ടി എങ്ങനെ ആശ്രാമം മൈതാനത്ത് എത്തിയെന്നത് അവ്യക്തമാണ്. ഏതായാലും ഈ സംഘത്തെ മലയാളിയുടെ കരുതൽ തളർത്തി. അതു തന്നെയാണ് മോചനമായി മാറിയത്.

അങ്ങനെ ആറു വയസ്സുകാരിയെ ജീവനോടെ ആ അച്ഛനും അമ്മയ്ക്കും കിട്ടി. ഇനി പ്രതികളെ പിടിക്കണം. അതിനുള്ള കരുതൽ പൊലീസിനുണ്ടാകുമോ എന്നതാണ് അറിയേണ്ടത്. പല വിധ വീഴ്ചകൾ പൊലീസിന് തുടക്കത്തിൽ സംഭവിച്ചു. അമേസ് കാറിന് പിന്നാലെയാണ് ആദ്യ അന്വേഷണം. അതിന് ശേഷം അത് ഡിസയറാണെന്ന് തിരിച്ചറിഞ്ഞു. പാരിപ്പള്ളിയിലെ കടയിലെത്തി ഫോൺ വിളിച്ചവരേയും കണ്ടെത്താനായില്ല. ഏതായാലും അന്വേഷണത്തിന്റെ 20-ാം മണിക്കൂറിൽ ആശ്വാസമെത്തി. കുട്ടി തീർത്തും ആരോഗ്യവതിയാണ്. അങ്ങനെ കേരളത്തിന്റെ മകളായി കുട്ടി മാറുകയാണ്. കടുത്ത മാനസിക സമ്മർദ്ദത്തെ ഈ കുട്ടി അതിജീവിച്ചുവെന്നതാണ് വസ്തുത.

ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് കാര്യം തിരക്കിയത്. തുടർന്ന് പേരുംവിവരങ്ങളും ചോദിച്ചപ്പോൾ ഓയൂരിൽ നിന്നും കാണാതായ കുട്ടിയാണെന്ന് മറുപടിനൽകുകയും നാട്ടുകാർ ഫോണിൽ കാണിച്ചുനൽകിയ രക്ഷിതാക്കളുടെ ചിത്രങ്ങൾ തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ കുടിക്കാൻ വെള്ളംനൽകി. ഉടൻതന്നെ പൊലീസിലും വിവരമറിയിച്ചു. അവർ അതിവേഗം എത്തുകയും ചെയ്തു. ഇതോടെയാണ് നാടകീയ അന്വേഷണത്തിലെ ആദ്യ വിജയം മലയാളിയെ തേടിയെത്തിയത്. വീട്ടുകാർക്കും ആശ്വാസമായി.

സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. കൊല്ലം വേളമാനൂരിലൂടെയും കല്ലുവാതുക്കലിലൂടെയും കാർ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വീടുകളടക്കം പൊലീസ് കയറി പരിശോധിച്ചു. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. പൊലീസ് സംഘം അബിഗേലിന്റെ വീട്ടിലെത്തി പിതാവിന്റെയും രേഖപ്പെടുത്തിയിരുന്നു. അപ്പൂപ്പൻപാറയിലെ ക്വാറിയിലുൾപ്പെടെ സമീപ പ്രദേശങ്ങളിലെ ക്വാറികളിലും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. കേരളമാകെ തിരച്ചിലിലുമായി.

വെള്ള നിറത്തിലുള്ള കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഒരു പേപ്പർ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ പറഞ്ഞതായി സഹോദരൻ പറയുന്നു. പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു.

പിന്നീട് കുട്ടിയുടെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. 5 ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചത് ഒരു സ്ത്രീയും പുരുഷനും ആണെന്നാണ് വിവരം. ഇവരുടെ വാഹനം കേന്ദ്രീകരിച്ച് കഴിഞ്ഞ 20 മണിക്കൂറായി അന്വേഷണം പുരോഗമിക്കവെയാണ് കുഞ്ഞിനെ എസ്ഐ ഷബ്‌നം കണ്ടെത്തുന്നത്.