നാഗർകോവിൽ: ഷാരോൺ രാജ് വധക്കേസ് തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ ചർച്ചയാകുന്നുണ്ട്. ഷാരോണിനെ കീടനാശിനി കൊടുത്തു കൊലപ്പെടുത്തിയെന്ന വാർത്ത പുറത്തു വരുന്നതിന് മുമ്പായി മറ്റൊരു കുട്ടിയുടെ മരണവും ദുരൂഹമായി നിലനിൽക്കുയാണ്. സ്‌കൂളിൽ നിന്നും അജ്ഞാതൻ നൽകിയ ജ്യൂസ് കുടിച്ചു മരണം സംഭവിച്ചത് ആറംക്ലാസ് വിദ്യാർത്ഥിക്കായിരുന്നു. ഈ കേസിന്റെ അന്വേഷണം ഇനിയും കാര്യമായി മുന്നോട്ടു പോയിട്ടില്ല. അതിനിടെയാണ് ഷാരോൺ കേസിന് സമാനമായ മറ്റൊരു ആരോപണം നാഗർകോവിലിൽ നിന്നും ഉയർന്നത്.

നിദ്രവിളയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കളാണ് രംഗത്തുവന്നത്. നിദ്രവിള, വാവറ സ്വദേശി ചിന്നപ്പർ - തങ്കഭായ് ദമ്പതികളുടെ മകൾ അഭിതയാണ് ( 19 ) നവംബർ അഞ്ചിന് രാത്രി ഒൻപതോടെ മരിച്ചത്. കാമുകൻ സ്ലോപോയിസൺ നൽകി കാമുകിയെ കൊലപ്പെടുത്തി എന്നാണ് ഉയരുന്ന ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: കളിയിക്കാവിളയിലെ സ്വകാര്യ കോളേജിൽ ആദ്യവർഷ ബി.എസ്.സി വിദ്യാർത്ഥിയായ അഭിത വീടിനടുത്തുള്ള യുവാവുമായി രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് യുവാവ് പെൺകുട്ടിയുമായി പ്രണയത്തിലായിത്. അതേസമയം യുവാവിന്റെ വീട്ടുകാർ ബന്ധത്തെ എതിർത്തെന്നും അഭിത സൂചിപ്പിച്ചിട്ടുണ്ടെന്ന് വീട്ടുകാർ പറയുന്നു. സെപ്റ്റംബർ ഏഴിന് ഒറ്റയ്ക്ക് കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെ വച്ച് യുവാവ് നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്.

തുടർന്ന് അഭിതയെ മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് തുടർ ചികിത്സയ്ക്കായി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കുമ്പോഴാണ് അഭിത മരിച്ചത്. സ്ലോപോയ്‌സൺ പോലെയുള്ള ദ്രാവകം ഉള്ളിൽ ചെന്നതായും വിദ്യാർത്ഥിനിയുടെ കരൾ പൂർണമായും തകരാറിലാണെന്നും പരിശോധിച്ച ഡോക്ടർ പറഞ്ഞിരുന്നതായി അഭിതയുടെ മാതാവ് പൊലീസിനോട് പറഞ്ഞു.

എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ അന്വേഷണം നടത്താനാകൂവെന്നാണ് പൊലീസിന്റെ വാദം. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അഭിതയുടെ മാതാവ് തങ്കഭായി നൽകിയ പരാതിയിൽ തമിഴ്‌നാട് നിദ്രവിള പൊലീസ് കേസെടുത്തു.