കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ കുറിച്ച് ഏകദേശ രൂപം പൊലീസിന് കിട്ടിയെന്ന് സൂചന. ഫോൺ വിളിച്ചയാളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. ഈ രേഖാചിത്രം ആരുടേതാണെന്നാണ് പൊലീസ് കണ്ടെത്താൻ ശ്രമിക്കുന്നത്. പ്രതിയുടെ വ്യക്തതയുള്ള രേഖാ ചിത്രം പുറത്തു വിട്ടിട്ടുണ്ട്. എന്നാൽ പൊലീസ് ഉദ്ദേശിക്കുന്ന ആൾ തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഘത്തിലുള്ള യുവതിയെ കുറിച്ചും സൂചനകളുണ്ട്. ഇവർ ഫോൺ ഉപയോഗിക്കാത്തതാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള വെല്ലുവിളി.

കുട്ടിയുടെ അച്ഛന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വിപുലമായ അന്വേഷണമാണ് നടത്തുന്നത്. അന്വേഷണ സംഘത്തിന് നിർണ്ണായ വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന. ഫോൺ വിളിച്ചയാളുടെ രേഖാചിത്രം തയ്യാറാക്കിയിരിക്കുകയാണ് പൊലീസ്. ഫോൺ വിളിച്ചവരെ തിരിച്ചറിഞ്ഞെന്നാണ് സൂചന. അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോയവരുടേതെന്ന് സംശയിക്കുന്ന ഒരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും റിപ്പോർട്ടുണ്ട്.

കൊല്ലം-തിരുവനന്തപുരം അതിർത്തിയിലെ പള്ളിക്കലിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. ഉപേക്ഷിച്ചു പോയ നിലയിലാണ് വാഹനം. ഇന്ധനം കഴിഞ്ഞുപോയതാണോ പൊലീസ് അന്വേഷണം ഭയന്ന് ഉപേക്ഷിച്ചതാണോ എന്ന് ഇപ്പോൾ വ്യക്തമല്ല. ഇതെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. കാർ കിട്ടിയ വാർത്ത ചില ചാനലുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് സമാനമായ പലതും ചർച്ചകളിൽ നിറയുന്നുണ്ട്. എന്നാൽ പൊലീസ് ഒന്നും സ്ഥിരീകരിക്കുന്നില്ല. അതിനിടെ കല്ലുവാതുക്കൽ പരിസരത്ത് പരിശോധന ശക്തമാണ്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലും സംസ്ഥാന അതിർത്തി പ്രദേശങ്ങളിലും പൊലീസ് പരിശോധനകൾ തുടരുകയാണ്. നാടിന്റെ ഉൾപ്രദേശങ്ങളിലും വനമേഖലകളിലും പൊലീസ് സഹായത്തോടെ നാട്ടുകാരും യുവജന സംഘടനാപ്രവർത്തകരുടെയും നേതൃത്വത്തിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. രാത്രി രണ്ടര മണിയോടെ പകൽക്കുറി ആയിരവല്ലി ക്ഷേത്രത്തിന് സമീപം പൊലീസ് പരിശോധന നടത്തി. പ്രദേശത്ത് അപരിചിതരായ ചിലരെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘമെത്തിയത്. എന്നാൽ സംശയാസ്പദമായി രീതിയിലൊന്നും കണ്ടെത്തിയില്ല. മേഖലയിൽ വിശദമായ പരിശോധന തുടരുകയാണെന്ന് പള്ളിക്കൽ പൊലീസ് അറിയിച്ചു.

ഇതിനിടെ കാട്ടുപുതുശേരി പ്രദേശത്തെ അടിച്ചിട്ട ഗോണ്ടൗണിലും പൊലീസ് പരിശോധന നടത്തി. പ്രദേശത്തൊരു കാർ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പുലർച്ചെ മൂന്നു മണിയോടെ പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിലൊന്നും ഒന്നും കണ്ടെത്തിയില്ല. നാലര മണിയോടെയാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയതെങ്കിലും പൊലീസ് സംവിധാനം പൂർണതോതിൽ രംഗത്തിറങ്ങാൻ ഒന്നര മണിക്കൂറോളം വൈകിയെന്ന് ആരോപണം.

പൂയപ്പള്ളി പൊലീസ് റോഡ് തടഞ്ഞ് പരിശോധന ഉൾപ്പെടെ ആരംഭിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടതോടെ ആറു മണി കഴിഞ്ഞു. കുട്ടിയുമായി കാർ അപ്പോഴേക്കും ഏറെ ദൂരം പിന്നിട്ടു കാണും എന്നാണ് നാട്ടുകാരുടെ ആരോപണം.