കൊല്ലം: കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി. കൊല്ലം ആശ്രാമം മൈതാനത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയവർ ഉപേക്ഷിച്ചു കടന്നുവെന്നാണ് സൂചന. ആൾതിരക്കുള്ള മേഖലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കൊല്ലം കമ്മീഷണർ ഓഫീസിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ ആറുവയസ്സുകാരിയെ കണ്ടെത്തിയത്. കുട്ടിയെ പൊലീസ് ഏറ്റെടുത്തും. ഇതോടെ നെഞ്ചിടിപ്പിന്റെ 20 മണിക്കൂറുകൾക്ക് അവസാനമായി. കുട്ടിയെ ഉപേക്ഷിച്ച് സംഘം കളഞ്ഞതാണെന്നാണ് സൂചന.

ക്ഷീണിതയായിരുന്നു കുട്ടി. കുട്ടിയെ മോചിപ്പിച്ച ശേഷം പൊലീസ് കുട്ടിക്ക് പ്രാഥമികമായ ആഹാരവും നൽകി. വനിതാ പൊലീസും പുരുഷ പൊലീസുമെല്ലാം സ്വന്തം കുട്ടിയെ പോലെയാണ് അബിഗേലിനെ ശുശ്രൂഷിച്ചത്. അതിന് ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എങ്ങനെയാണ് ആശ്രാമം മൈതാനത്ത് കുട്ടിയുണ്ടെന്ന സൂചന കിട്ടിയതെന്ന് ആർക്കും അറിയില്ല. പൊലീസ് ഇക്കാര്യത്തിൽ താമസിയാതെ വ്യക്തത വരുത്തും.

നവംബർ 27, തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടിൽനിന്ന് ട്യൂഷന് പോയ ആറുവയസ്സുകാരിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരനെയും കാറിലെത്തിയവർ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നതിനാൽ അല്പദൂരം വലിച്ചിഴച്ചശേഷം വണ്ടിയിൽനിന്ന് പുറത്തേക്ക് തള്ളിയിട്ടു. കാലുകൾ റോഡിലുരഞ്ഞ് സഹോദരന് പരിക്കേറ്റു.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കേരളക്കരയാകെ മണിക്കൂറുകളായി തിരഞ്ഞു കൊണ്ടിരുന്ന കുട്ടിയെ പൊലീസുകാർ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒരു സംഘം പൊലീസുകാർ സ്ഥലത്തെത്തിയാണ് കുട്ടിയെ വീണ്ടെടുത്തത്. നാടൊന്നാകെ കുട്ടിക്കായി തിരച്ചിൽ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികളെ പ്രേരിപ്പിച്ചതെന്നാണ് സൂചന. സ്വന്തം മകളെന്ന പോലെ നാടൊന്നാകെ അബിഗേലിനായി തിരച്ചിൽ തുടങ്ങിയതാണ് അതിനിർണ്ണായകമായത്. കേരളമാകെ സന്തോഷിക്കുകയാണ്.

കൊല്ലം ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. തട്ടിക്കൊണ്ടുപോകൽ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് സംശയിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ അടുത്തിടെ വർധിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ കണ്ടെത്തുന്നത്.